അമേരിക്കയിൽ ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്ന് ഭീകരാക്രമണ ശ്രമങ്ങൾക്ക് നിലവിലെ യുഎസ്-ഇറാൻ സംഘർഷവുമായി നേരിട്ട് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. മിഷിഗനിലെ സിനഗോഗിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ച ലെബനൻ വംശജൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ഇസ്രയേൽ വിരുദ്ധ വികാരം ഉണ്ടായേക്കാമെങ്കിലും, ഇത് ഇറാൻ യുദ്ധത്തിന്റെ ഭാഗമല്ലെന്നാണ് അമേരിക്കൻ നിലപാട്.
കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ നേരത്തെ ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്.ന്യൂയോർക്ക് മേയർക്കെതിരായ റാലിയിൽ സ്ഫോടകവസ്തുക്കൾ എറിഞ്ഞ കേസിൽ ഐഎസ് അനുഭാവികളായ രണ്ട് പേർ പിടിയിലായി.
വെർജീനിയയിലെ ഓൾഡ് ഡൊമിനിയൻ സർവകലാശാലയിലുണ്ടായ വെടിവെയ്പ്പിൽ മുൻപ് ഭീകരവാദക്കേസിൽ ശിക്ഷിക്കപ്പെട്ട അക്രമി കൊല്ലപ്പെടുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ അമേരിക്കയിലുണ്ടായ ഈ അക്രമ സംഭവങ്ങൾ സുരക്ഷാ ഏജൻസികളെ കനത്ത ജാഗ്രതയിലാക്കിയിട്ടുണ്ട്.2024-ൽ ഡോണൾഡ് ട്രംപ് അടക്കമുള്ള പ്രമുഖരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ വ്യവസായിയെ ന്യൂയോർക്ക് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ നിർദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് ഇയാൾ വെളിപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
അമേരിക്കൻ ഭരണകൂടം ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.ഇറാനുമായുള്ള യുദ്ധവും എഫ്ബിഐ ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികളിൽ നിന്ന് പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ കൂട്ടത്തോടെ പടിയിറങ്ങിയതും അമേരിക്കയുടെ ഭീകരവിരുദ്ധ സംവിധാനത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിർണ്ണായകമായ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിലും കൈമാറുന്നതിലും ഉണ്ടായ ഈ വിടവ് രാജ്യത്തെ സുരക്ഷാ സംവിധാനത്തെ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് പ്രധാന വിമർശനം.
