ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും ബാസിജ് ഫോഴ്‌സ് കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ലാരിജാനിയുടെ മരണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൈനിക കമാൻഡറല്ലെങ്കിലും ഇറാന്റെ തന്ത്രപരമായ തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലി ലാരിജാനി. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി എന്ന നിലയിൽ ദേശീയ സുരക്ഷ, നയതന്ത്രം, യുദ്ധം തുടങ്ങിയ മേഖലകളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
നിലവിൽ ഇസ്രയേലുമായും അമേരിക്കയുമായും നിലനിൽക്കുന്ന സംഘർഷങ്ങളിൽ ഇറാൻ്റെ നയങ്ങൾ രൂപപ്പെടുത്തുന്നതിലും, ആഭ്യന്തര പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.
ഇസ്രയേൽ തുടർച്ചയായി നടത്തുന്ന വ്യോമാക്രമണങ്ങളിൽ പ്രമുഖ സൈനിക നേതാക്കൾ കൊല്ലപ്പെടുന്നത് ഇറാന്റെ നേതൃഘടനയ്ക്ക് വലിയ തിരിച്ചടിയാണ്.
ഈ നിരയിൽ അലി ലാരിജാനിയുടെ മരണം ഇറാനെ കൂടുതൽ ദുർബലമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പാശ്ചാത്യ വിരുദ്ധ നിലപാടുകളിൽ ഉറച്ചുനിന്ന അദ്ദേഹം, ഇസ്ലാമിക പ്രത്യയശാസ്ത്രത്തോടൊപ്പം പ്രായോഗിക രാഷ്ട്രീയ തന്ത്രങ്ങളും സമന്വയിപ്പിച്ച നേതാവായാണ് അറിയപ്പെട്ടിരുന്നത്.
അലി ലാരിജാനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇറാഖിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായപ്പോൾ, ഇറാൻ്റെ മിസൈലുകൾ ഖത്തർ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെയും ലക്ഷ്യമിടുന്നുണ്ട്.
ഇസ്രായേൽ ബെയ്‌റൂട്ടിലും ടെഹ്‌റാനിലും ആക്രമണം ശക്തമാക്കി. ഇതിനിടെ, ഇറാൻ്റെ ഭാഗത്തുനിന്ന് ‘ആസന്നമായ ഭീഷണിയില്ല’ എന്ന് വ്യക്തമാക്കി യുഎസ് ഭീകരവിരുദ്ധ കേന്ദ്രം ഡയറക്ടർ ജോ കെന്റ് രാജിവെച്ചത് അമേരിക്കൻ ഭരണകൂടത്തിന് രാഷ്ട്രീയമായ വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
