കസ്റ്റഡിയിലുള്ള മൂന്ന് കപ്പലുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ പ്രവേശനം ലഭിക്കാൻ ഈ കപ്പലുകൾ വിട്ടുകൊടുക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടെന്ന വാർത്തകൾ വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ നിഷേധിച്ചു.

മുംബൈയിൽ പിടിച്ചെടുത്ത ഈ കപ്പലുകൾ ഇറാന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യഥാർത്ഥ രജിസ്ട്രേഷൻ മറച്ചുവെച്ച് മുംബൈ തീരത്തെത്തിയ മൂന്ന് കപ്പലുകളെ കഴിഞ്ഞ മാസമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തത്. ഇറാനുവേണ്ടി അനധികൃതമായി ക്രൂഡ് ഓയിൽ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റിന്റെ’ (Shadow Fleet) ഭാഗമാണ് ഈ കപ്പലുകളെന്നാണ് പ്രാഥമിക നിഗമനം.

അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് എണ്ണ കടത്താൻ ഉപയോഗിക്കുന്ന ഇത്തരം കപ്പലുകളെ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ സാരമായി ബാധിച്ചു.

ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വിതരണം നിലച്ചതോടെ ഏകദേശം 22 ഇന്ത്യൻ കപ്പലുകൾ മേഖലയിൽ കുടുങ്ങി. എന്നാൽ, ചില കപ്പലുകൾക്ക് ഇറാൻ യാത്രാനുമതി നൽകിയതോടെ പ്രതിസന്ധിക്ക് നേരിയ അയവു വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ഇന്ത്യൻ ഓയിൽ കോർപ്പറേഷനായി 46,000 മെട്രിക് ടൺ എൽ.പി.ജിയുമായി ‘ശിവാലിക്’ എന്ന കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. തൊട്ടുപിന്നാലെ ‘നന്ദാദേവി’ എന്ന കപ്പലും ഇന്ത്യയിലെത്തിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് യാത്രാനുമതി നൽകാൻ പകരമായി, ഇന്ത്യ പിടിച്ചെടുത്ത മൂന്ന് കപ്പലുകൾ വിട്ടുനൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇന്ത്യയോ ഇറാനോ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ അനധികൃത എണ്ണക്കടത്തിന് മുംബൈ തീരത്തുനിന്ന് പിടികൂടിയ സ്റ്റെല്ലാർ റൂബി, ആസ്ഫാൾട്ട് സ്റ്റാർ, അൽ ജാഫ്‌സിയ എന്നീ കപ്പലുകൾ നിലവിൽ മുംബൈ തുറമുഖത്താണുള്ളത്. ഇവ അമേരിക്കൻഅനധികൃതമായി ക്രൂഡ് ഓയിൽ കടത്തിയെന്ന് ആരോപിച്ച് മുംബൈയിൽ തടഞ്ഞുവെച്ച കപ്പലുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

എന്നാൽ, ബിറ്റുമിൻ (റോഡ് ടാറിംഗിന് ഉപയോഗിക്കുന്നത്) മാത്രമാണ് കപ്പലുകളിലുള്ളതെന്നും 40 ദിവസമായി തടഞ്ഞുവെച്ചത് വലിയ നഷ്ടമുണ്ടാക്കിയെന്നും ഷിപ്പിംഗ് കൺസൾട്ടന്റ് ജുഗ്‌വീന്ദർ സിംഗ് ബ്രാർ ആരോപിച്ചു. ഇറാന്റെ ‘ഷാഡോ ഫ്ലീറ്റുകൾ’ നിയന്ത്രിക്കുന്നതിൽ പ്രധാനിയാണെന്ന് യു.എസ്. ഏജൻസികൾ കരുതുന്ന വ്യക്തിയാണ് ഇദ്ദേഹം.

കപ്പലുകൾക്ക് പുറമെ മരുന്നുകളും മറ്റ് ഉൽപ്പന്നങ്ങളും ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും, അത്തരമൊരു ചർച്ചയും നടന്നിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന അനൗദ്യോഗിക വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *