അന്താരാഷ്ട്ര കമ്പനികൾ പിൻവാങ്ങിയതോടെ ഹോർമുസ് മേഖലയിൽ ഇൻഷുറൻസ് ലഭ്യത കുറയുകയും ചരക്കുനീക്കത്തിന് വൻതോതിൽ ചെലവേറുകയും ചെയ്തിട്ടുണ്ട്.
ഈ സുരക്ഷാ ഭീഷണിയും സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് കപ്പൽ ഗതാഗതം സുഗമമാക്കാനാണ് കേന്ദ്ര ധനമന്ത്രാലയം 1000 കോടിയുടെ പ്രത്യേക ഇൻഷുറൻസ് പദ്ധതിയുമായി മുന്നോട്ട് വരുന്നത്.
സംഘർഷബാധിത മേഖലകളിലൂടെയുള്ള യാത്രയ്ക്ക് ആഭ്യന്തര കമ്പനികളുടെ ഇൻഷുറൻസ് കവറേജ് ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. വലിയ സാമ്പത്തിക നഷ്ടങ്ങൾ നേരിടാൻ സർക്കാർ നേരിട്ട് പിന്തുണ നൽകുന്ന ഒരു റീഇൻഷുറൻസ് സംവിധാനമാണിത്, ഇത് ചരക്കുനീക്കം സുരക്ഷിതവും ലാഭകരവുമാക്കാൻ സഹായിക്കും.
റഷ്യ-ഉക്രൈൻ യുദ്ധകാലത്ത് ജിഐസി റെ (GIC Re) രൂപീകരിച്ച ഇൻഷുറൻസ് മാതൃകയിലാണ് പുതിയ പദ്ധതിയും വിഭാവനം ചെയ്യുന്നത്.
അസംസ്കൃത എണ്ണക്കപ്പലുകൾക്കും സാധാരണ ചരക്കുകപ്പലുകൾക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന ഈ സംവിധാനത്തിന്റെ ചുമതല ജിഐസി റെയ്ക്കായിരിക്കും. നിലവിൽ ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ നൽകിവരുന്ന 484 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഇതോടെ വർധിക്കും.
