മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനെ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുധാകരനെപ്പറ്റി കേട്ടിട്ടുണ്ടെന്നല്ലാതെ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, തിരുവനന്തപുരം സെൻട്രൽ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും എം.ടി. രമേശ് അടക്കമുള്ള പ്രമുഖ നേതാക്കൾ പാർട്ടിയെ ജയിപ്പിക്കാൻ ഒപ്പമുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
“കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് വരുമെന്നും ആർ.ജെ.ഡി വിട്ട വി. സുരേന്ദ്രൻ പിള്ള വരാൻ തയ്യാറായാൽ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിൽ സി.പി.ഐ.എമ്മും കോൺഗ്രസും തമ്മിലുള്ള ‘ഡീൽ രാഷ്ട്രീയം’ പണ്ടേയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇത്തരം നീക്കങ്ങൾ ഇനി നടപ്പില്ലെന്നും വികസന കാഴ്ചപ്പാടില്ലാതെ ബിജെപിയെ നേരിടാൻ ഇവർക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”
ശബരിമലയിൽ വഴിപാട് കഴിച്ചാലും സി.പി.ഐ.എം മൂന്നാം തവണ അധികാരത്തിൽ വരില്ലെന്നും വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
അതേസമയം, ബിജെപിയുടെ 39 പേരടങ്ങുന്ന രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിലും, കോൺഗ്രസ് വിട്ടെത്തിയ എം.ജെ. ജോബ് ആലപ്പുഴയിലും, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിലും ജനവിധി തേടും. സി.പി.ഐ പുറത്താക്കിയ സി.സി. മുകുന്ദൻ നാട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയാകും. എന്നാൽ തിരുവനന്തപുരം സെൻട്രലിലെ സ്ഥാനാർത്ഥിയെ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ല.”
