നാറ്റോ സഖ്യകക്ഷികൾ വേണ്ടത്ര സഹകരിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ലോകനന്മയ്ക്കായുള്ള തന്റെ ശ്രമങ്ങൾ ആരും തിരിച്ചറിയുന്നില്ലെന്ന് പരാതിപ്പെട്ടു.
യുക്രെയ്നെ സഹായിക്കുന്നതിൽ യുഎസ് മുന്നിട്ടുനിന്നിട്ടും നാറ്റോയിൽ നിന്ന് അർഹമായ പിന്തുണ ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക എന്നത് സഖ്യകക്ഷികളുടെ കൂടി ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറാനെതിരായ സംഘർഷം മൂലം എണ്ണവില വർദ്ധിക്കുന്നത് യുഎസ് സമ്പദ്വ്യവസ്ഥയെ ബാധിച്ചു തുടങ്ങി. പണപ്പെരുപ്പം കൂടുമെന്ന ആശങ്കയിൽ പലിശനിരക്ക് കുറയ്ക്കേണ്ടതില്ലെന്ന് ഫെഡറൽ റിസർവ് തീരുമാനിച്ചത് പ്രസിഡന്റ് ട്രംപിന് തിരിച്ചടിയായി.
യുദ്ധസമാനമായ സാഹചര്യം യുഎസിനും സാമ്പത്തികമായി ‘മുറിവേൽപ്പിക്കുന്നു’ എന്നതിന്റെ സൂചനയാണിത്.പലിശനിരക്ക് കുറയ്ക്കാൻ ട്രംപ് സമ്മർദ്ദം ചെലുത്തിയെങ്കിലും എണ്ണവില വർധന തിരിച്ചടിയായി.
ഈ പ്രതിസന്ധി മറികടക്കാൻ, യുഎസ് കപ്പലുകൾക്ക് മാത്രം ഊർജ്ജ ഇറക്കുമതിക്ക് അനുമതി നൽകുന്ന 100 വർഷം പഴക്കമുള്ള ‘ജോൺസ് ആക്ട്’ ട്രംപ് 60 ദിവസത്തേക്ക് മരവിപ്പിച്ചു. 1920-ൽ വൂഡ്രോ വിൽസൺ കൊണ്ടുവന്ന ഈ നിയമം നീക്കിയതിലൂടെ എണ്ണലഭ്യത സുഗമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
