ഇസ്രയേൽ, അമേരിക്കൻ ഉദ്യോഗസ്ഥർ ലോകത്തെവിടെയും സുരക്ഷിതരായിരിക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യക്ക് പുറത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലും ആക്രമണമുണ്ടാകുമെന്ന സൂചനയാണ് ഇറാൻ സൈനിക വക്താവ് നൽകിയത്.

ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് ആഗോളതലത്തിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമായി.ഇറാന്റെ മിസൈൽ ശേഷി തകർത്തെന്ന ഇസ്രയേൽ വാദം നിലനിൽക്കെത്തുടരുന്ന ഗൾഫ് മേഖലയിലെ ആക്രമണങ്ങൾ ഇതിന് വിരുദ്ധമാണെന്ന് വിലയിരുത്തപ്പെടുന്നു.

1200 കിലോമീറ്റർ അകലെയുള്ള ചെങ്കടലിലെ യാൻബു എണ്ണതുറമുഖം വരെ ആക്രമിക്കാൻ ഇറാന് സാധിക്കുമെന്നത് ഗൗരവകരമാണ്.

അതേസമയം, സിറിയയിലെ ഇറാൻ അനുകൂല സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളും തകർത്തതായി ഇസ്രയേൽ അവകാശപ്പെടുന്നു.സ്കോട്‌ലൻഡിലെ ആണവ മുങ്ങിക്കപ്പൽ കേന്ദ്രത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ട് ഇറാൻ സ്വദേശികളെ യുകെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവർ ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതായാണ് സംശയിക്കുന്നത്. ഒരു യുവാവും യുവതിയുമാണ് പിടിയിലായത്. ആണവ രഹസ്യങ്ങൾ ചോർത്താനുള്ളനീക്കമാണോ ഇതെന്ന് യുകെ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരികയാണ്.പശ്ചിമേഷ്യൻ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

സൈനിക നടപടികളിലൂടെ പ്രശ്നപരിഹാരം സാധ്യമല്ലെന്നും അത് പുതിയ വിദ്വേഷങ്ങൾക്ക് മാത്രമേ വഴിവെക്കൂ എന്നും ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാങ് വ്യക്തമാക്കി.

നിലവിലെ സംഘർഷം ആഗോള സാമ്പത്തിക മേഖലയെയും ഊർജ്ജ സുരക്ഷയെയും സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് സമാധാനത്തിനായുള്ള ചൈനയുടെ ഈ ആഹ്വാനം.

Leave a Reply

Your email address will not be published. Required fields are marked *