അത്യന്താധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയെ പേർഷ്യൻ ഗൾഫിലേക്ക് വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇത് ഇറാനുമായുള്ള ഒരു കരയുദ്ധത്തിനുള്ള മുന്നൊരുക്കമാണോ എന്ന സംശയം ഉയരുന്നുണ്ടെങ്കിലും, മിഡിൽ ഈസ്റ്റിലേക്ക് കരസേനയെ അയക്കുമെന്ന വാർത്തകളെ ട്രംപ് നിഷേധിച്ചു.
സമാധാനം പുനസ്ഥാപിക്കാനുള്ള തന്റെ തന്ത്രം വിജയത്തോട് അടുക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.അമേരിക്കയുടെ ‘അമേരിക്ക ക്ലാസ്’ കപ്പലുകളിൽ പ്രധാനിയായ യുഎസ്എസ് ട്രിപ്പോളി (LHA-7), കരയിലും കടലിലും ഒരേപോലെ ആക്രമണം നടത്താൻ ശേഷിയുള്ള ഭീമൻ കപ്പലാണ്.
മുൻപ് ഇതേ പേരിൽ രണ്ട് കപ്പലുകൾ അമേരിക്കയ്ക്കുണ്ടായിരുന്നു. 2017-ൽ നീറ്റിലിറക്കിയ ഈ ആധുനിക കപ്പൽ 2020 ജൂലൈയിലാണ് ഔദ്യോഗികമായി യുഎസ് സേനയുടെ ഭാഗമായത്.
ഏകദേശം 844 അടി നീളവും 45,000 ടൺ ഭാരവുമുള്ള ഈ കൂറ്റൻ കപ്പൽ സാങ്കേതികമായി ഏറെ മുന്നിലാണ്. ഗ്യാസ് ടർബൈൻ എൻജിനുകളുടെ കരുത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും.
വലിപ്പത്തിനൊപ്പം വേഗതയും ഒത്തുചേരുന്നതാണ് ഈ യുദ്ധക്കപ്പലിന്റെ പ്രധാന സവിശേഷത.വിശാലമായ ഫ്ലൈറ്റ് ഡെക്കുള്ളതിനാൽ ഇതിനെ ഒരു ‘ചെറു വിമാനവാഹിനിക്കപ്പൽ’ എന്ന് വിളിക്കുന്നു. കുത്തനെ പറന്നുയരാൻ ശേഷിയുള്ള F-35B ലൈറ്റ്നിങ് II യുദ്ധവിമാനങ്ങൾ, വി-22 ഓസ്പ്രേ, കിങ് സ്റ്റാലിയൻ ഹെലികോപ്റ്ററുകൾ എന്നിവയെ വഹിക്കാൻ ഈ കപ്പലിന് പ്രത്യേക ശേഷിയുണ്ട്.
1,600-ലധികം മറീൻ സൈനികരെയും അവരുടെ യുദ്ധവാഹനങ്ങളും വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ, അതിവേഗത്തിലുള്ള ഉഭയതല ആക്രമണങ്ങൾക്കാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതിലെ അത്യാധുനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് കടലിൽ നിന്ന് കരയിലേക്ക് സൈനികരെയും യുദ്ധസാമഗ്രികളെയും അതിവേഗം എത്തിക്കാൻ സാധിക്കും.
