പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എണ്ണ വിതരണം തടസ്സപ്പെട്ടതോടെ, ഊർജ്ജ സുരക്ഷ മുൻനിർത്തി റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ വൻതോതിൽ വർദ്ധിപ്പിച്ചു.

ഏപ്രിലിലെ ആവശ്യത്തിനായി ഏകദേശം 6 കോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യൻ കമ്പനികൾ വാങ്ങിയത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള നീക്കം തടസ്സപ്പെട്ടതിനാൽ ഫെബ്രുവരിയെ അപേക്ഷിച്ച് റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇരട്ടിയിലധികമായി ഉയർന്നു.യുഎസ് നൽകിയ താൽക്കാലിക ഇളവ് പ്രയോജനപ്പെടുത്തി മാർച്ച് 12-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യക്ക് വലിയ ആശ്വാസമായി.

ഇതോടെ ഉപരോധപ്പേടിയില്ലാതെ മാംഗളൂർ റിഫൈനറി (MRPL) ഉൾപ്പെടെയുള്ള കമ്പനികൾ വീണ്ടും റഷ്യൻ വിപണിയിലേക്ക് മടങ്ങി. പശ്ചിമേഷ്യയിലെ സംഘർഷം മൂലം സൗദിയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള എണ്ണ പേർഷ്യൻ ഗൾഫിൽ കുടുങ്ങിയതാണ് ഇന്ത്യയെ ഈ നീക്കത്തിന്പ്രേരിപ്പിച്ചത്.

കൂടാതെ, വിതരണം വൈവിധ്യവൽക്കരിക്കാനായി ഏപ്രിലിൽ വെനസ്വേലയിൽ നിന്ന് 80 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്യാനും ഇന്ത്യ പദ്ധതിയിടുന്നു.എല്ലാ സ്രോതസ്സുകളിൽ നിന്നും എണ്ണയും ഗ്യാസും ലഭ്യമാക്കി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വർദ്ധിച്ച ആവശ്യകതയും ഉയർന്ന വിലയും കാരണം റഷ്യ വൻ സാമ്പത്തിക നേട്ടമാണ് കൊയ്യുന്നത്. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യ നേടുന്ന ഏറ്റവും ഉയർന്ന ലാഭമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *