ജെ.ഡി. വാൻസും നെതന്യാഹുവും തമ്മിൽ തർക്കമുണ്ടായെന്ന വാർത്തകൾ വൈറ്റ് ഹൗസ് തള്ളി. ഇറാനെതിരായ സൈനിക നീക്കങ്ങളെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നും തർക്കമുണ്ടായെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്നും വാൻസിന്റെ വക്താവ് വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അതിക്രമങ്ങളിൽ ജെ.ഡി. വാൻസ് രോഷാകുലനാണെന്ന ‘ഇസ്രായേൽ ഹയോം’ പത്രത്തിന്റെ റിപ്പോർട്ട് വക്താവ് തള്ളി.
കുടിയേറ്റക്കാർക്കെതിരെ ഭരണപരമായ തടങ്കൽ നടപടികൾ സ്വീകരിക്കാൻ നെതന്യാഹുവിന് മേൽ വാൻസ് സമ്മർദ്ദം ചെലുത്തിയെന്നവാർത്ത അടിസ്ഥാനരഹിതമാണെന്നും അത്തരമൊരു ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കും അവരുടെ വീടുകൾക്കും നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം തുടരുകയാണ്. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള ഈ പ്രദേശങ്ങളിലെ കുടിയേറ്റം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെയും രാജ്യാന്തര സമൂഹത്തിന്റെയും നിലപാട്.
2023-ൽ ഗസ യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങളിൽ 1,113 പലസ്തീനികൾ കൊല്ലപ്പെടുകയും 11,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ 22,000 പേർ അറസ്റ്റിലായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു
