ഇറാന്റെ പരമോന്നത നേതാവാകാൻ അവിടുത്തെ ഭരണകൂടം തന്നെ ക്ഷണിച്ചിരുന്നെന്ന വിചിത്രമായ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് റൈസർ പരിപാടിക്കിടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ താൻ ആ ക്ഷണം മാന്യമായി നിരസിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ പിൻഗാമിയായി മകൻ മുജ്തബ ഖമേനിയെ നിശ്ചയിച്ചതായുള്ള വാർത്തകൾക്കിടെയാണ് ട്രംപിന്റെ ഈ പരാമർശം.യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി (86) കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ്.
ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചെങ്കിലും, അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇറാന്റെ നേതൃനിരയിലെ പല പ്രമുഖരും കൊല്ലപ്പെട്ട സാഹചര്യത്തിൽ, മുജ്തബയെ നേതാവായി വാഴിച്ചത് സൈന്യത്തിന്റെ (IRGC) കടുത്ത സമ്മർദ്ദത്തെത്തുടർന്നാണെന്നും റിപ്പോർട്ടുകളുണ്ട്.ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത പാത ഇറാൻ ഉറപ്പാക്കി.
ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ കടന്നുപോകാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചു. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് എക്സിലൂടെ (X) ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
