യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ തീരദേശ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
എന്നാൽ ഈ വാദം ‘പച്ചക്കള്ളമാണെന്ന്’ വിശേഷിപ്പിച്ച യുഎസ് സെൻട്രൽ കമാൻഡ് (CENTCOM), മിസൈലുകൾ കപ്പലിന് അടുത്തുകൂടി പോലും പോയിട്ടില്ലെന്നും ലിങ്കൺ സുരക്ഷിതമായി ദൗത്യം തുടരുകയാണെന്നും വ്യക്തമാക്കി.
ആക്രമണത്തിന്റെ വീഡിയോ ഇറാൻ പുറത്തുവിട്ടെങ്കിലും അതിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.ഇറാന്റെ അത്യാധുനിക ക്രൂയിസ് മിസൈലുകൾ യുഎസ്എസ് എബ്രഹാം ലിങ്കണെ ലക്ഷ്യമാക്കി കുതിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കപ്പൽ തങ്ങളുടെ മിസൈൽ പരിധിക്കുള്ളിൽ കടന്നാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റിയർ അഡ്മിറൽ ഷഹ്റാം ഇറാനി മുന്നറിയിപ്പ് നൽകി. കപ്പലിന്റെ ഓരോ നീക്കവും ഇറാൻ സൈന്യം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
