അമേരിക്കയുമായി എല്ലാവിധ നയതന്ത്ര ചർച്ചകൾക്കും തയ്യാറാണെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡിയാസ് കാനൽ വ്യക്തമാക്കി.

വിദേശ നിക്ഷേപം, കുടിയേറ്റം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ വാഷിങ്ടണുമായി സഹകരിക്കാം; എന്നാൽ ക്യൂബയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉറപ്പിച്ചു പറഞ്ഞു.

അമേരിക്കയുടെ ഉപരോധം മൂലം അതിരൂക്ഷമായ ഇന്ധനക്ഷാമം നേരിടുന്നതിനിടെ, രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആവർത്തിച്ച് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡിയാസ് കാനൽ. രാഷ്ട്രീയ സംവിധാനമോ സ്വാതന്ത്ര്യമോ ചർച്ചാവിഷയമല്ലെന്നും സൈനിക ഇടപെടലുണ്ടായാൽ ജീവൻ നൽകിയും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യൂബയുമായി എണ്ണ ചർച്ചകൾ നടത്തുന്നുണ്ടെന്ന ട്രംപിന്റെ വാദം നിഷേധിച്ച അദ്ദേഹം, ആഭ്യന്തര ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്ന് അറിയിച്ചു.

പതിറ്റാണ്ടുകൾ പഴക്കമുള്ള തെർമൽ പവർ പ്ലാന്റുകളുടെ തകർച്ചയും സ്പെയർ പാർട്സുകളുടെ അഭാവവും ക്യൂബയെ ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഇതിനെ അമേരിക്കയുടെ ‘സാമ്പത്തിക യുദ്ധം’ എന്നാണ് ക്യൂബൻ ഭരണകൂടം വിശേഷിപ്പിക്കുന്നത്.

ഇന്ധന വിതരണം തടസ്സപ്പെടുത്തി ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും ക്യൂബ ആരോപിക്കുന്നു2026 മാർച്ചിലെ കണക്കനുസരിച്ച്, ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് ക്യൂബ കടന്നുപോകുന്നത്.

ഈ മാസം മാത്രം മൂന്ന് തവണയാണ് രാജ്യം പൂർണ്ണമായും ഇരുട്ടിലായത്. അമേരിക്കയുടെ എണ്ണ ഉപരോധത്തെ മറികടക്കാൻ ഇന്ധന റേഷനിംഗ്, ആഴ്ചയിൽ നാല് പ്രവൃത്തിദിവസങ്ങൾ, സൗരോർജ്ജത്തിലേക്കുള്ള ചുവടുമാറ്റം തുടങ്ങിയ അടിയന്തര പാക്കേജുകൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്.

എങ്കിലും, ജനജീവിതം ദുസ്സഹമാകുന്ന ഈ സാഹചര്യത്തെ ഒരു “മാനുഷിക തകർച്ച” (Humanitarian Collapse) എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *