പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയക്കാൻ അമേരിക്ക പദ്ധതിയിടുന്നു. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ തുടരുന്നുവെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴാണ് സൈനിക വിന്യാസത്തിന് പെന്റഗൺ ഒരുങ്ങുന്നത്.

വാൾ സ്ട്രീറ്റ് ജേണലാണ് യുഎസ് പ്രതിരോധ വക്താക്കളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്.

ഇറാനെതിരെ കരസേനാ നീക്കത്തിന് അമേരിക്ക ഗൗരവമായ ഒരുക്കങ്ങൾ നടത്തുന്നതിന്റെ സൂചനയാണിത്. കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി സൈന്യത്തെ വിന്യസിക്കാൻ പെന്റഗൺ പദ്ധതിയിടുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിനോടകംതന്നെ 5,000 നാവികസേനാംഗങ്ങളെ യുഎസ് മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

ചർച്ചകൾക്ക് വഴങ്ങാത്ത ഇറാന് മേൽ സമ്മർദ്ദം ശക്തമാക്കാനാണ് അമേരിക്കയുടെ ഈ വൻ സൈനിക വിന്യാസമെന്ന് സൂചനയുണ്ട്. എന്നാൽ, ഇറാനെതിരെ ‘അവസാന പ്രഹരത്തിനുള്ള’ സൈനിക നീക്കങ്ങൾ പെന്റഗൺ തയ്യാറാക്കുകയാണെന്നും, ഇതിൽ കരസേനാ നീക്കവും വ്യാപകമായ ബോംബാക്രമണവും ഉൾപ്പെടുമെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിയൻ നാവിക-വ്യോമസേനകളെയും മിസൈൽ ലോഞ്ചറുകളെയും അമേരിക്ക പൂർണ്ണമായും തകർത്തതായി ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഇപ്പോൾ കരാറിനായി അഭ്യർത്ഥിക്കുകയാണെന്നും, ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കൂടുതൽ പ്രഹരം ഏൽപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്നാൽ, ചർച്ചകൾ നടക്കുന്നില്ലെന്ന നിലപാടിലാണ് ഇറാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *