ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ തുറമുഖത്തെ ഒരു ക്രെയിനിന് നാശനഷ്ടം സംഭവിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച ഒമാൻ സർക്കാർ, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയ്ക്ക് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. യുഎഇ വ്യോമപ്രതിരോധ സംവിധാനം മിസൈൽ വിജയകരമായി തകർത്തുവെങ്കിലും, അതിന്റെ അവശിഷ്ടങ്ങൾ പതിച്ച് രണ്ടിടങ്ങളിൽ തീപിടിത്തമുണ്ടാവുകയായിരുന്നു.
പരിക്കേറ്റവരുടെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഷെയ്ക് അഹ്മദ് അബ്ദുള്ള അൽ സബാഹ് സന്ദർശിച്ചു.
മൂന്ന് തവണയായി നടന്ന ആക്രമണങ്ങളിൽ ഇന്ധന ഡിപ്പോയ്ക്കും പാസഞ്ചർ ടെർമിനലിനും കേടുപാടുകൾ സംഭവിച്ചു. നിലവിൽ വിമാനത്താവളം ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്; യാത്രക്കാർ പ്രധാനമായും സൗദി അറേബ്യ വഴിയാണ്യാത്ര ചെയ്യുന്നത്. ഇന്ധന ഡിപ്പോയിലെ കേടുപാടുകൾ തീർത്ത് സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാനാണ് ശ്രമം.
