ചൈനയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട കപ്പൽ യുദ്ധപ്രതിസന്ധി മൂലം ഹോർമുസ് കടലിടുക്ക് കടക്കാനാവാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ കുടുങ്ങി. ഇന്ധനവും കുടിവെള്ളവും തീരാറായതോടെ കപ്പൽ കൊല്ലം തുറമുഖത്ത് അഭയം തേടി.
കഴിഞ്ഞ 14-ന് യാത്ര തിരിച്ച കപ്പലിന് സംഘർഷം നിലനിൽക്കുന്നതിനാൽ ഷാർജയിലെത്താൻ സാധിച്ചിരുന്നില്ല.വെള്ളിയാഴ്ച രാവിലെ കൊല്ലം തുറമുഖത്തെത്തിയ പാചകവാതക കപ്പലിൽ ഒരു ചൈനീസ് പൗരനും 10 ഇന്തോനേഷ്യക്കാരുമാണുള്ളത്.
ചൈനയിൽ നിന്ന് അറ്റകുറ്റപ്പണി കഴിഞ്ഞ് ഷാർജയിലേക്ക് മടങ്ങുകയായിരുന്ന കാലി ടാങ്കർ, യുദ്ധപ്രതിസന്ധി മൂലം കടലിൽ കുടുങ്ങുകയായിരുന്നു.
കൊച്ചിയിൽ അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് വിഭവങ്ങൾ തീരാറായതോടെ കപ്പൽ കൊല്ലത്ത് അഭയം തേടിയത്.ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്റെ ഇൻഷുറൻസ് ഇല്ലാത്തതിനാൽ കപ്പലിന് ആദ്യം അനുമതി ലഭിച്ചിരുന്നില്ല.
എന്നാൽ കൊല്ലം തുറമുഖത്തെത്തിയപ്പോഴേക്കും ഇൻഷുറൻസ് രേഖകൾ ശരിയാക്കി ഒരാഴ്ച തങ്ങാനുള്ള അനുമതി നേടിയെടുത്തു. സത്യം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സിന്റെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിലൂടെയാണ് കൊല്ലത്ത് അടുപ്പിക്കാൻ സാധിച്ചത്.
മംഗോളിയയിൽ രജിസ്റ്റർ ചെയ്ത 81 മീറ്റർ നീളമുള്ള ഈ കപ്പൽ, ഇന്ധനവും ഭക്ഷണവും ശേഖരിച്ച് രണ്ടു ദിവസത്തിനുള്ളിൽ യാത്ര തുടരും. ഇതിനിടെ, പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഈ മാസം ആദ്യം കൊല്ലത്തെത്തിയ ‘സാക്കി വിഷൻ’ എന്ന സൗദി കപ്പൽ ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്.
