പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇന്ധന വ്യാപാരത്തിലൂടെ റഷ്യ ലാഭം കൊയ്യുന്നു എന്ന ആരോപണം വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് തള്ളി. ഇത്തരം പ്രതിസന്ധികളിൽ നിന്ന് നേട്ടമുണ്ടാക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും, മേഖലയിലെ നിലവിലെ അസ്ഥിരതയിൽ മോസ്കോയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനത്തിനാണ് മുൻഗണനയെന്നും മറ്റ് രാജ്യങ്ങളുടെ ദുരിതത്തിൽ ലാഭം തേടുന്ന നിലപാട് റഷ്യക്കില്ലെന്നും ലാവ്‌റോവ് കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലെ എണ്ണനീക്കം തടസ്സപ്പെടുന്നതും വിലക്കയറ്റവും റഷ്യയ്ക്ക് ലാഭകരമല്ലേ എന്ന ചോദ്യത്തിന്, മറ്റുള്ളവരുടെ ദുരിതത്തിൽ റഷ്യ സന്തോഷിക്കുന്നില്ലെന്ന് സെർജി ലാവ്‌റോവ് മറുപടി നൽകി.
ആഗോള വിപണിയിലെ അസ്ഥിരതയോ യുദ്ധം മൂലമുള്ള വിലവർധനവോ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷങ്ങൾക്കിടയിലും റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങളുമായുള്ള വ്യാപാരം തുടരുമെന്ന് ലാവ്‌റോവ് വ്യക്തമാക്കി. ആഗോള ഊർജ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനുമായി ചേർന്ന് കൈക്കലാക്കാൻ ഡൊണാൾഡ് ട്രംപ് ആഗ്രഹം പ്രകടിപ്പിച്ച കാര്യവും അദ്ദേഹം ഇതിനിടെ ഓർമിപ്പിച്ചു.
അമേരിക്കയുടെ വിഭവക്കൊള്ളയ്ക്ക് ഉദാഹരണമായി വെനസ്വേലയെ ലാവ്‌റോവ് ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് കടത്ത് തടയാനെന്ന വ്യാജേന വെനസ്വേലയിലെ എണ്ണപ്പാടങ്ങൾ അമേരിക്ക കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ പ്രകൃതിവിഭവങ്ങളിൽ ആധിപത്യം സ്ഥാപിക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ സംഘർഷം വഴി റഷ്യ പ്രതിദിനം 150 ദശലക്ഷം ഡോളർ അധികം നേടുന്നുവെന്ന ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിനിടെയാണ് ലാവ്‌റോവിന്റെ ഈ പ്രതികരണം. അതേസമയം, ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കാൻ ഏപ്രിൽ ഒന്ന് മുതൽ പെട്രോൾ കയറ്റുമതി നിർത്തിവെക്കാൻ റഷ്യ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
