ഇറാനുമായുള്ള ഹോർമുസ് കടലിടുക്ക് തർക്കത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മിയാമിയിൽ നടന്ന എഫ്.ഐ.ഐ പ്രയോറിറ്റി സമ്മിറ്റിൽ സംസാരിക്കവെ, ഇറാൻ ഈ കപ്പൽപ്പാത തുറന്നുതരണമെന്നും സമാധാനപരമായ പരിഹാരമാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടയിൽ, യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനയായി ഹോർമുസ് കടലിടുക്കിന്റെ പേര് മാറ്റി ‘സ്ട്രെയ്റ്റ് ഓഫ് ട്രംപ്’ എന്നാക്കുന്നതിനെക്കുറിച്ച് അദ്ദേഹം തമാശയായി സൂചിപ്പിച്ചത് സദസ്സിൽ ചിരിപടർത്തി.അബ്രഹാം ഉടമ്പടിയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ചർച്ചകൾ പുനരാരംഭിക്കാൻ സമയമായെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു.
മേഖലയിലെ എല്ലാ രാജ്യങ്ങളും ഈ സമാധാന നീക്കത്തിൽ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ കൂടുതൽ സൗഹൃദബന്ധങ്ങൾ സ്ഥാപിക്കാനാണ് ഈ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
ഇറാൻ ഭീകരതയിൽനിന്ന് മുക്തമായ ഒരു പശ്ചിമേഷ്യ രൂപപ്പെടാൻ സമയമായെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ 47 വർഷമായി മേഖലയിലെ ‘ഗുണ്ട’യായി അറിയപ്പെട്ടിരുന്ന ഇറാന്റെ ആധിപത്യം അവസാനിച്ചുവെന്നും പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ രാജ്യം എന്നത്തേക്കാളും അടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ്റെ പുതിയ പരമോന്നത നേതാവായി കരുതപ്പെടുന്ന മുജ്തബ ഖമേനിയുടെ ദുരൂഹമായ അവസ്ഥയെക്കുറിച്ചും ട്രംപ് സംസാരിച്ചു. മുജ്തബ ഒന്നുകിൽ മരിച്ചിട്ടുണ്ടാകാം അല്ലെങ്കിൽ അതീവ ഗുരുതരാവസ്ഥയിലാകാം എന്ന് ട്രംപ് പറഞ്ഞു. കുറച്ചുകാലമായി അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്ന കാര്യവും ട്രംപ് ചൂണ്ടിക്കാട്ടി.
ഓപ്പറേഷൻ എപിക് ഫ്യൂറി’ സമയത്ത് നാറ്റോ (NATO) അമേരിക്കയ്ക്ക് മതിയായ പിന്തുണ നൽകിയില്ലെന്ന് ട്രംപ് വിമർശിച്ചു. നാറ്റോ രാജ്യങ്ങൾക്കൊപ്പം നിൽക്കാൻ അമേരിക്ക ഇനി ബാധ്യസ്ഥരല്ലെന്ന സൂചനയും അദ്ദേഹം നൽകി. “
ഞങ്ങൾ എപ്പോഴും അവർക്കൊപ്പം ഉണ്ടാകുമായിരുന്നു, എന്നാൽ അവരുടെ ഇപ്പോഴത്തെ നിലപാടുകൾ വെച്ച് നോക്കിയാൽ ഞങ്ങൾ ഇനി കൂടെയുണ്ടാകേണ്ടതില്ലല്ലോ?” എന്ന് ട്രംപ് സദസ്സിനോട് ചോദിച്ചു.
