അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള പുതിയ ഹൈ-ത്രസ്റ്റ് സോളിഡ്-ഫ്യൂവൽ (solid-fuel) മിസൈൽ എൻജിൻ കിം ജോങ് ഉൻ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തിന്റെ സൈനിക ശക്തി വർധിപ്പിക്കുന്നതിൽ ഇത് നിർണ്ണായകമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഈ പുതിയ എൻജിൻ മിസൈലുകളെ കൂടുതൽ വേഗത്തിൽ വിക്ഷേപിക്കാനും ശത്രുക്കൾക്ക് കണ്ടെത്താൻ പ്രയാസമുള്ളതാക്കാനും സഹായിക്കും.അമേരിക്കയുടെ പ്രധാന ഭൂപ്രദേശങ്ങളെപ്പോലും തകർക്കാൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിക്കാനാണ് കിം ജോങ് ഉന്നിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി നടത്തിയ പുതിയ മിസൈൽ എൻജിൻ പരീക്ഷണം തങ്ങളുടെ ആയുധശേഖരം അത്യാധുനികമാക്കാനുള്ള നീക്കമാണെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയെ രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് കിം ജോങ് ഉന്നിന്റെ പുതിയ മിസൈൽ പരീക്ഷണം.
യുഎസ് പ്രതിരോധത്തെ മറികടക്കാനും ആണവായുധ ശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ നീക്കം ഉത്തരകൊറിയയുടെ അഞ്ച് വർഷ സൈനിക പദ്ധതിയുടെ ഭാഗമാണ്. ശത്രുക്കൾക്ക് തിരിച്ചടിക്കാൻ കഴിയാത്തവിധം രാജ്യത്തെ പ്രതിരോധം സജ്ജമാക്കുമെന്ന് കിം പാർലമെന്റിൽ പ്രഖ്യാപിച്ചു.
