അച്ചടക്കമുള്ള ബൗളിംഗിലൂടെയും വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് മികവിലൂടെയും ചെന്നൈ സൂപ്പർ കിംഗ്‌സിനെ 8 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഐപിഎൽ സീസൺ തുടങ്ങി. ചെന്നൈയുടെ 128 റൺസ് ലക്ഷ്യം 47 പന്തുകൾ ബാക്കിനിൽക്കെ റോയൽസ് മറികടന്നു. പന്തുകളുടെ എണ്ണത്തിൽ രാജസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്.
2014-ൽ ബാംഗ്ലൂരിനെതിരെ 42 പന്തുകൾ ബാക്കിനിൽക്കെ നേടിയ വിജയമായിരുന്നു ഇതിനുമുമ്പ് രാജസ്ഥാൻ്റെ റെക്കോർഡ്. ഐപിഎൽ ചരിത്രത്തിൽ പന്തുകളുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം 2008-ൽ കൊൽക്കത്തക്കെതിരെ 87 പന്തുകൾ ബാക്കിനിൽക്കെ ജയിച്ച മുംബൈ ഇന്ത്യൻസിൻ്റെ പേരിലാണ്.
ബർഗർ, ആർച്ചർ, ജഡേജ എന്നിവരുടെ തകർപ്പൻ ബൗളിംഗിൽ ചെന്നൈ ബാറ്റിംഗ് നിര തകർന്നു. ഒരുഘട്ടത്തിൽ 57 റൺസിന് 6 വിക്കറ്റ് എന്ന നിലയിലായ ചെന്നൈയെ ജാമി ഓവർട്ടന്റെ (43) പോരാട്ടമാണ് 127-ൽ എത്തിച്ചത്. സഞ്ജു, റുതുരാജ് ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ നേരത്തെ പുറത്തായി.
