ഐപിഎൽ 2026-ലെ ആവേശകരമായ ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ സഞ്ജു സാംസൺ ടീമിന്റെ നട്ടെല്ലായി മാറുമെന്ന് മുൻ താരം സുബ്രഹ്മണ്യം ബദ്രീനാഥ്. രാജസ്ഥാൻ റോയൽസിനോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും, ധോണി യുഗത്തിന് ശേഷം ചെന്നൈയെ നയിക്കാൻ പോകുന്ന ‘സഞ്ജു യുഗത്തിന്റെ’ തുടക്കമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ധോണിയുടെ പിൻഗാമിയായി സഞ്ജുവിനെ എത്തിച്ചത് സിഎസ്കെയുടെ മാസ്റ്റർ സ്ട്രോക്കാണെന്നും ബദ്രീനാഥ് കൂട്ടിച്ചേർത്തു.2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഫോമിനെ ബദ്രീനാഥ് പ്രശംസിച്ചു.

ടൂർണമെന്റിലെ 5 മത്സരങ്ങളിൽ നിന്ന് 80.25 ശരാശരിയിൽ 321 റൺസാണ് സഞ്ജു അന്ന് അടിച്ചുകൂട്ടിയത്. മികച്ച ഫോമിലുള്ള സഞ്ജുവിന്റെ വരവോടെ ചെന്നൈയ്ക്ക് ഒരു വിക്കറ്റ് കീപ്പറെയും ഭാവി നായകനെയുമാണ് ലഭിച്ചിരിക്കുന്നതെന്ന് ബദ്രീനാഥ് തന്റെ ചാനലിലൂടെ പറഞ്ഞു.

ഏപ്രിൽ 3-ന് ചേപ്പോക്കിൽ നടക്കുന്ന ആദ്യ ഹോം മാച്ചിൽ സഞ്ജുവിന്റെ സാന്നിധ്യം ചെന്നൈയ്ക്ക് കരുത്താകുമെന്ന് ബദ്രീനാഥ് പ്രത്യാശ പ്രകടിപ്പിച്ചു. സഞ്ജുവും ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദും ചേർന്നുള്ള പുതിയ ഓപ്പണിങ് ജോടി രാജസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും (ഇരുവരും രണ്ടക്കം കടന്നില്ല), വരും മത്സരങ്ങളിൽ ചെന്നൈ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഓപ്പണർമാരെ പെട്ടെന്ന് നഷ്ടമായാൽ ഇന്നിങ്സ് നങ്കൂരമിടാൻ (Anchor Role) റുതുരാജ് ഗെയ്‌ക്‌വാദിന് സാധിക്കുമെങ്കിലും, പവർപ്ലേയിൽ തകർത്തടിക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹം പുറത്താകുന്നത് ടീമിനെ ബാധിക്കും.

അതിനാൽ സഞ്ജു സാംസൺ, ആയുഷ് മാത്രെ, റുതുരാജ് എന്നിവരടങ്ങുന്ന ടോപ്പ് ഓർഡർ സ്ഥിരതയാർന്ന അടിത്തറ നൽകിയാൽ സിഎസ്‌കെയ്ക്ക് കൂറ്റൻ സ്കോർ പടുത്തുയർത്താം. ഏപ്രിൽ 3-ന് പഞ്ചാബ് കിങ്സിനെതിരെ ചേപ്പോക്കിൽ നടക്കുന്ന ആദ്യ ഹോം മാച്ചിൽ ഈ പുതിയ ബാറ്റിംഗ് കോമ്പിനേഷൻ കരുത്തുതെളിയിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *