ഇറാനെതിരായ അമേരിക്കൻ ആക്രമണങ്ങളെ ‘നാസി-ഫാസിസ്റ്റ്’ ചിന്താഗതിയെന്ന് വിശേഷിപ്പിച്ച് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് രംഗത്തെത്തി.
ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള യുഎസ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ രണ്ടാം ലോകമഹായുദ്ധകാലത്തെ ഹിറ്റ്‌ലറുടെ മാനസികാവസ്ഥയ്ക്ക് തുല്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇറാനെതിരായ യുദ്ധം 2000 വർഷത്തെ സംഘർഷം അവസാനിപ്പിക്കുമെന്ന യുഎസ് സെനറ്റർ ലിൻഡസെ ഗ്രഹാമിൻ്റെ പ്രസ്താവനയെ ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് രൂക്ഷമായി വിമർശിച്ചു.
ചരിത്രത്തെ വളച്ചൊടിച്ചുള്ള ഇത്തരം വാദങ്ങൾ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ചിന്താഗതിക്ക് തുല്യമാണെന്നും, ‘ലെബൻസ്രോം’ പോലുള്ള സിദ്ധാന്തങ്ങൾ ഉയർത്തി ഹിറ്റ്‌ലർ അധിനിവേശങ്ങളെ ന്യായീകരിച്ചതുപോലെയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസോളിനിയും റോമൻ സാമ്രാജ്യത്തിന്റെ പേരിൽ അധിനിവേശങ്ങളെ ന്യായീകരിച്ചിരുന്നതായി ബഗായ് ചൂണ്ടിക്കാട്ടി. പടിഞ്ഞാറൻ മേധാവിത്വം പറഞ്ഞ് ഇറാൻ ജനതയ്‌ക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ അപകടകരമായ ഫാസിസ്റ്റ് ചിന്താഗതിയുടെ പുനരുജ്ജീവനമാണെന്ന് അദ്ദേഹം വിമർശിച്ചു.
കൂടാതെ, ഇറാന്റെ മരുന്ന് നിർമാണശാലകൾക്ക് നേരെ ഇസ്രഈൽ നടത്തിയ ആക്രമണങ്ങളെയും അദ്ദേഹം ശക്തമായി അപലപിച്ചു.
കമ്പനിയുടെ ഗവേഷണ-നിർമാണ യൂണിറ്റുകൾ തകർത്ത നടപടി ക്രൂരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മരുന്ന് നിർമാണശാലകളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റവും മനുഷ്യത്വത്തിനെതിരായ കടന്നാക്രമണവുമാണെന്ന് ബഗായ് വ്യക്തമാക്കി.
എണ്ണവിലയെയും മറ്റ് സാമ്പത്തിക വിഷയങ്ങളെയും പറ്റി സംസാരിച്ച് യുദ്ധത്തിന്റെ ഭീകരത മറച്ചുവെക്കാൻ ശ്രമിക്കുന്നവർ ഈ ക്രൂരതകളുടെ പങ്കാളികളാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
