ചെപ്പോക്കിലെ വിക്കറ്റിൽ സഞ്ജു സാംസൺ മികച്ച പ്രകടനം നടത്തുമെന്ന് മുൻ താരം കെ. ശ്രീകാന്ത്. ആദ്യ നാല് പന്തുകൾക്ക് ശേഷം സഞ്ജു ബാറ്റിങ് വെടിക്കെട്ട് തുടങ്ങണമെന്നും, തിരിച്ചുവരവിന് പറ്റിയ പിച്ചാണ് ചെന്നൈയിലേതെന്നും അദ്ദേഹം തന്റെചാനലിലൂടെ പറഞ്ഞു.

ഋതുരാജും സഞ്ജുവും ഓപ്പണിങ്ങിൽ സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയാൽ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമാകുമെന്ന് ശ്രീകാന്ത് പറഞ്ഞു. ടീമിൽ മാറ്റങ്ങൾ വേണ്ടെന്നും ശിവം ദുബെയെ നേരത്തെ ഇറക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഡെവാൾഡ് ബ്രെവിസ് കളിച്ചാൽ ചെന്നൈയുടെ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഎസ്‌കെ ജഴ്സിയിലെ അരങ്ങേറ്റത്തിൽ തിളങ്ങാൻ കഴിയാതിരുന്ന സഞ്ജുവിൽ നിന്നും ചെപ്പോക്കിൽ വലിയൊരു ഇന്നിങ്സാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിൽ ഏഴ് പന്തിൽ ആറ് റൺസെടുത്ത് പുറത്തായ സഞ്ജുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. വെറ്ററൻ താരം ധോണിയും മത്സരത്തിൽ ശ്രദ്ധാകേന്ദ്രമാകും.

പരിക്കു മാറി ധോണി പരിശീലനത്തിന് ഇറങ്ങിയത് ചെന്നൈ ആരാധകർക്ക് ആവേശമായി. ഇന്നത്തെ പഞ്ചാബ് മത്സരത്തിൽ കളിച്ചില്ലെങ്കിലും ആർസിബിക്കെതിരായ അടുത്ത കളിയിൽ ധോണി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യ കളിയിൽ മങ്ങിയ സഞ്ജുവിനും ഇന്നത്തെ ചെപ്പോക്ക് മത്സരം നിർണായകമാണ്. രാത്രി 7.30-നാണ് ചെന്നൈ-പഞ്ചാബ് പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *