ഇറാനിലെ ആശുപത്രികൾക്കും മെഡിക്കൽ കേന്ദ്രങ്ങൾക്കും നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാൻ രംഗത്തെത്തി.
ആരോഗ്യമേഖലയെ തകർക്കുന്ന ഇത്തരം നടപടികൾ തടയാൻ ലോകാരോഗ്യ സംഘടനയും റെഡ് ക്രോസും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആശുപത്രികളെയും ഗവേഷണ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്നതിലൂടെ അമേരിക്ക എന്ത് സന്ദേശമാണ് നൽകുന്നതെന്ന് പെസസ്കിയാൻ ചോദിച്ചു.
മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യത്തിനെതിരെ ലോകാരോഗ്യ സംഘടനയും ആഗോള ഡോക്ടർമാരും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇറാനിലെ പഴക്കം ചെന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിനും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടോഫിഗ് ദാരുവിനും നേരെയുണ്ടായ ആക്രമണങ്ങളെ പെസസ്കിയാൻ അപലപിച്ചു.
നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുമെന്ന ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് നിയമവിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.
