ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള ട്രംപിന്റെ സമയപരിധി അവസാനിക്കാനിരിക്കെ, വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ ഇറാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. കടലിടുക്ക് തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം.
തന്ത്രപ്രധാന കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ജനകീയ പ്രതിരോധം തീർക്കാനാണ് ഇറാൻ്റെ ലക്ഷ്യം.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ്യത്തെ പ്രധാന ഊർജ്ജ നിലയങ്ങൾക്ക് മുന്നിൽ ഒത്തുചേരാൻ കായിക താരങ്ങളോടും വിദ്യാർത്ഥികളോടും ഇറാൻ മന്ത്രാലയം നിർദ്ദേശിച്ചു.
അമേരിക്കൻ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സംരക്ഷണമൊരുക്കാൻ യുവാക്കൾ തന്നെ മുന്നോട്ടുവെച്ച നിർദ്ദേശമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിലൂടെ ലോകത്തിന് മുന്നിൽ ശക്തമായ പ്രതിരോധ സന്ദേശം നൽകാനാണ് ഇറാന്റെ നീക്കം.ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ടെഹ്‌റാൻ, കാരാജ്, ഇർബിൽ വിമാനത്താവള പരിസരം എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണ പരമ്പര പൂർത്തിയായതായി ഇസ്രയേൽ സേന ഔദ്യോഗികമായി അറിയിച്ചു. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
