2020-ലെ കോവിഡ് കാലത്ത് മൊബൈൽ ഷോപ്പ് ഉടമ ജയരാജിനെയും മകൻ ബെനിക്സിനെയും ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പൊലീസുകാർക്ക് മധുര വിചാരണ കോടതി വധശിക്ഷ വിധിച്ചു. ഹൃദയഭേദകമായ ക്രൂരതയെന്ന് നിരീക്ഷിച്ചാണ് കോടതി തിങ്കളാഴ്ച ഈ ചരിത്രവിധി പുറപ്പെടുവിച്ചത്.
ഇൻസ്പെക്ടർ ശ്രീധർ ഉൾപ്പെടെ ഒമ്പത് പൊലീസുകാർക്ക് കോടതി വധശിക്ഷ വിധിച്ചു. അച്ഛനെയും മകനെയും നഗ്നരാക്കി പീഡിപ്പിച്ച ക്രൂരത ഹൃദയഭേദകമാണെന്നും കേസ് ‘അപൂർവങ്ങളിൽ അപൂർവം’ ആണെന്നും മധുര കോടതി നിരീക്ഷിച്ചു.
സിബിഐ ആവശ്യപ്പെട്ട പ്രകാരം പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ ഉറപ്പാക്കി.അധികാര ദുർവിനിയോഗം നടത്തിയ പൊലീസുകാർക്കുള്ള താക്കീതാണ് ഈ വിധിയെന്ന് കോടതി നിരീക്ഷിച്ചു. ആയുധങ്ങളുപയോഗിച്ചുള്ള നിഷ്ഠൂരമായ മർദനവും മനുഷ്യാവകാശ ലംഘനവും ദൃക്സാക്ഷികളുടെ മൊഴികളിലൂടെ സിബിഐ തെളിയിച്ചു.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.2020 ജൂൺ 19-നാണ് കട തുറന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ജയരാജിനെയും മകൻ ബെനിക്സിനെയും സാത്താൻകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ലോക്കപ്പ് മർദനത്തിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഇരുവരും മരണപ്പെട്ടു.
പൊലീസിന്റെ വ്യാജ വാദങ്ങൾ തള്ളിക്കളഞ്ഞ കോടതി, ഈ കസ്റ്റഡി കൊലപാതകത്തിൽ ഒടുവിൽ നീതി ഉറപ്പാക്കി.മർദനമേറ്റ ഇരുവരുടെയും ശരീരത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെയുള്ള മാരക പരിക്കുകളുണ്ടായിരുന്നു.
തെളിവ് നശിപ്പിക്കാൻ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് മായ്ച്ചുകളഞ്ഞെങ്കിലും ഹൈക്കോടതി ഇടപെടലിലൂടെ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ 10 പൊലീസുകാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാത്രി മുഴുവൻ നീണ്ട ക്രൂരമായ പീഡനമാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി.ലോക്കപ്പിലെ മേശകളിലും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നുവെന്ന വനിതാ കോൺസ്റ്റബിളിന്റെ ധീരമായ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. അഞ്ച് വർഷം നീണ്ട വിചാരണയിൽ നൂറിലധികം സാക്ഷികളെ വിസ്തരിച്ചു. ഒടുവിൽ, പൊലീസിന്റെ ക്രൂരതകൾ അക്കമിട്ട് നിരത്തിയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
