ഹോർമുസ് കടലിടുക്ക് തുറക്കാൻ നിശ്ചയിച്ച സമയപരിധി ബുധനാഴ്ച പുലർച്ചെ 5.30-ന് (ഇന്ത്യൻ സമയം) അവസാനിക്കാനിരിക്കെ ഇറാന് കടുത്ത ഭീഷണിയുമായി ഡോണൾഡ് ട്രംപ്.
തിരിച്ചുപിടിക്കാനാവാത്ത വിധം ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്നും, ലോകചരിത്രത്തിലെ ഏറ്റവും നിർണ്ണായക നിമിഷങ്ങൾക്കായിരിക്കും ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി.
ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി അതീവ ഗുരുതരാവസ്ഥയിലെത്തിയിരിക്കുകയാണ്.ഇറാന് ട്രംപ് നൽകിയ അന്ത്യശാസനം ബുധനാഴ്ച പുലർച്ചെ 5.30-ന് അവസാനിക്കാനിരിക്കെ പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ.
അമേരിക്കയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി ഇറാൻ ആദ്യം പ്രഖ്യാപിച്ചെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ ആശയവിനിമയം പുനഃസ്ഥാപിച്ചു. ലോകം യുദ്ധഭീതിയിൽ നിൽക്കെ, ട്രംപിന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയുള്ള ഇറാന്റെ ഈ പിന്മാറ്റം നിർണ്ണായകമായി കാണപ്പെടുന്നു.ഇറാനിലെ ഖാർഗ് ദ്വീപിലുള്ള സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്ഥിരീകരിച്ചു.
എന്നാൽ എണ്ണ സംസ്കരണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നും അമേരിക്കൻ നയത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ സമയപരിധിക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് അദ്ദേഹത്തിന് മാത്രമേ അറിയാവൂ എന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റും പ്രതികരിച്ചു.
ഇതോടെ മേഖലയിൽ അനിശ്ചിതത്വം തുടരുകയാണ്.ഇറാനിലെ സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കിയെന്നും ഇനി തീരുമാനം എടുക്കേണ്ടത് ഇറാനാണെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇതിനിടെ, ഇറാനിലെ കഷാനിലുള്ള റെയിൽവേ പാലത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകി. അടുത്ത 48 മണിക്കൂർ വീടിന്പുറത്തിറങ്ങരുതെന്നും സൈനിക-വൈദ്യുത കേന്ദ്രങ്ങൾക്ക് സമീപം പോകരുതെന്നും കർശന നിർദ്ദേശമുണ്ട്.
