ഇറാനെതിരെ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവിയുടെയും അഭ്യർത്ഥന മാനിച്ചാണ് ഈ സുപ്രധാന തീരുമാനം.

ഉടമ്പടിയുടെ ഭാഗമായി ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചു. സമാധാന ചർച്ചകൾക്കായി വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമാബാദിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താൽക്കാലിക ശമനമായി.

രണ്ടാഴ്ചത്തേക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇറാൻ മുന്നോട്ടുവെച്ച പത്ത് നിബന്ധനകൾ അമേരിക്ക അംഗീകരിച്ചതായും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

ഹോർമുസ് പൂർണമായും തുറക്കാനുള്ള ഇറാന്റെ തീരുമാനത്തെത്തുടർന്ന് ആക്രമണങ്ങൾ നിർത്തിവെക്കാൻ ട്രംപ് സമ്മതിക്കുകയായിരുന്നു. സമാധാന പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞ് ബാരലിന് 90 ഡോളറിലെത്തി. ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചകളിലൂടെ ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.ഇറാന്റെ പത്ത് നിബന്ധനകൾ അമേരിക്ക അംഗീകരിച്ചതായി പാകിസ്താൻ അറിയിച്ചതോടെയാണ് വെടിനിർത്തലിലേക്ക് വഴിതുറന്നത്.

എന്നാൽ, ഇതൊരു താൽക്കാലിക ആശ്വാസം മാത്രമാണെന്നും ഇറാന്റെ ആവശ്യങ്ങളിൽ പൂർണ്ണമായ തീരുമാനമായാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ ഏപ്രിൽ 10 വെള്ളിയാഴ്ച ഇസ്‌ലാമാബാദിൽ ആരംഭിക്കും. ഈ ചർച്ചകളിലെ തീരുമാനങ്ങളായിരിക്കും പശ്ചിമേഷ്യയുടെ ഭാവി നിശ്ചയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *