യുഎസ്-ഇറാൻ വെടിനിർത്തലിനെ നെതന്യാഹു പിന്തുണച്ചു. എന്നാൽ ഈ ധാരണയിൽ ലെബനൻ ഉൾപ്പെടില്ലെന്നും അവിടെ ആക്രമണം തുടരുമെന്നും ഇസ്രയേൽ ഔദ്യോഗികമായി വ്യക്തമാക്കി.
ഇറാൻ ഹോർമുസ് തുറന്നുകൊടുക്കുകയും ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ, ട്രംപിന്റെ രണ്ടാഴ്ചത്തെ വെടിനിർത്തൽ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ ഭീഷണികൾ അവസാനിപ്പിക്കാനുള്ള യുഎസ് നീക്കങ്ങൾക്ക് ഇസ്രയേൽ പിന്തുണ പ്രഖ്യാപിച്ചു. ലക്ഷ്യങ്ങൾ കൈവരിക്കാൻ ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ ഈ വെടിനിർത്തൽ ലെബനന് ബാധകമല്ലെന്നും നെതന്യാഹു വ്യക്തമാക്കി.
ലെബനനിൽ വെടിനിർത്തൽ നിലവിൽ വന്നെന്ന പാക് പ്രധാനമന്ത്രിയുടെ വാദം നെതന്യാഹു തള്ളി. എന്നാൽ ലെബനനിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ള-ഇസ്രയേൽ പോരാട്ടത്തിൽ ഇതിനകം 1,530 പേർ മരിച്ചതായാണ് കണക്ക്.
