ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി മരിച്ച ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് കോളജിലെ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്. സ്റ്റാഫ് റൂമിൽ വെച്ച് അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്നും ഗേറ്റിന് പുറത്തിറങ്ങിയാൽ കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നിതിൻ സുഹൃത്തിനോട് പറയുന്നു.
ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പിതാവിന്റെ പരാതിയിൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തു.
അധ്യാപകരിൽ നിന്നുള്ള കടുത്ത അപമാനം ഒരു പരിധി വരെ താൻ ക്ഷമിച്ചെന്നും എന്നാൽ അമ്മയുടെ സർജറിയെപ്പോലും പരിഹസിച്ച് തന്നെ വേദനിപ്പിച്ചെന്നും നിതിൻ ശബ്ദരേഖയിൽ പറയുന്നു.
ക്ലാസിൽ ശ്രദ്ധിച്ചിരുന്ന തന്നെ എഴുന്നേൽപ്പിച്ച് നിർത്തി അപമാനിക്കുകയും പരീക്ഷയിൽ മനഃപൂർവം മാർക്ക് കുറയ്ക്കുകയും ചെയ്തു. ഈ വിവരങ്ങൾ മാതാപിതാക്കൾക്ക് സർപ്രൈസായി നൽകാൻ അധ്യാപകൻ പരിഹസിച്ചതായും നിതിൻ വെളിപ്പെടുത്തുന്നു.
