ഹോർമുസ് ഉപരോധിക്കാനുള്ള യുഎസ് നീക്കത്തെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഐആർജിസിയും വെല്ലുവിളിച്ചു. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഉപരോധം ഇറാനെ ബാധിക്കില്ലെന്നും ഗാലിബാഫ് വ്യക്തമാക്കി.

സമാധാന ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ ട്രംപ് പ്രഖ്യാപിച്ച ഉപരോധം മേഖലയിൽ വലിയ പോർവിളികൾക്ക് വഴിതുറന്നിരിക്കുകയാണ്.അമേരിക്കയ്ക്ക് ശക്തമായ താക്കീതുമായി ഇറാന്റെ റെവല്യൂഷനറി ഗാർഡ് (IRGC) രംഗത്തെത്തി.

ഹോർമുസിലെ യുഎസ് നീക്കങ്ങൾ ശത്രുവിനെ ‘മരണച്ചുഴിയിൽ’ പെടുത്തുമെന്നും സൈനിക കപ്പലുകളെ ദാക്ഷിണ്യമില്ലാതെ നേരിടുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. എന്നാൽ, ചരക്ക് കപ്പലുകൾ ഉൾപ്പെടെയുള്ള സിവിലിയൻ കപ്പലുകളെ തടയില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ ഹോർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിക്കുമെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പൽ നീക്കം തടയുന്നതോടെ ഇറാന്റെ അന്ത്യമാകുമെന്ന് അമേരിക്ക അവകാശപ്പെട്ടു. ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് കടുത്ത നടപടിക്ക് കാരണമെന്ന് ട്രംപ് വ്യക്തമാക്കി.

ഇതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്.അമേരിക്കയുടെ ഹോർമുസ് ഉപരോധം ആഗോള എണ്ണവില വർധിപ്പിക്കുന്നതിനൊപ്പം വലിയ രാഷ്ട്രീയ-സൈനിക പ്രത്യാഘാതങ്ങൾക്കും കാരണമായേക്കാം.

സൈനിക കപ്പലുകൾക്ക് നാശനഷ്ടം സംഭവിച്ചാൽ അത് ട്രംപിനെതിരെ അമേരിക്കയിൽ ജനരോഷത്തിന് ഇടയാക്കിയേക്കും. യുദ്ധത്തെ എതിർക്കുന്ന ഒരു വലിയ വിഭാഗം അവിടെയുള്ളതിനാൽ, ഈ നീക്കം ട്രംപിന് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമെന്നും ഊർജ്ജ വിതരണം താറുമാറാക്കുമെന്നും വിലയിരുത്തപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *