ഇസ്രയേൽ-അമേരിക്കൻ ആക്രമണങ്ങളിൽ തകർന്ന ഊർജ്ജ കേന്ദ്രങ്ങൾ പുനരുദ്ധരിക്കാൻ ഇറാൻ നടപടി തുടങ്ങി. അടുത്ത രണ്ട് മാസത്തിനുള്ളിൽ എണ്ണ ശുദ്ധീകരണ-വിതരണ ശേഷിയുടെ 70-80% വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്.

അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും യുദ്ധം തകർത്ത മേഖലയെ വേഗത്തിൽ സജ്ജമാക്കുമെന്നും ഇറാൻ എണ്ണ മന്ത്രാലയം അറിയിച്ചു.ആക്രമണങ്ങളിൽ തകർന്ന ലാവൻ റിഫൈനറിയുടെ ഒരു ഭാഗം പത്ത് ദിവസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും; ബാക്കി യൂണിറ്റുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും.

യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളും ഫുജൈറയിലെ ഡ്രോൺ ആക്രമണങ്ങളുമാണ് ഇറാന്റെ എണ്ണ സംസ്കരണ ശേഷിയെ തളർത്തിയത്. നിലവിൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തി തകർച്ചയിൽ നിന്ന് കരകയറാനാണ് ഇറാൻ ശ്രമിക്കുന്നത്.

ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു. ആണവായുധ നിയന്ത്രണമടക്കമുള്ള അമേരിക്കയുടെ നിബന്ധനകൾ ഇറാൻ തള്ളിയതോടെ, കരാറിലെത്താതെ യുഎസ് സംഘം മടങ്ങി.

21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ഇറാൻ ആത്മാർത്ഥത കാണിക്കുന്നില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

അമേരിക്ക സഹകരണത്തോടെയാണ് ചർച്ചകളിൽ പങ്കെടുത്തതെന്നും എന്നാൽ തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായില്ലെന്നും ജെ.ഡി. വാൻസ് കുറ്റപ്പെടുത്തി. ഇറാന്റെ കടുംപിടുത്തം മൂലമാണ് സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതെന്നാണ് യുഎസ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *