കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക പോളിങ് കണക്കുകൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പുറത്തുവിട്ടു. 79.63 ശതമാനമാണ് സംസ്ഥാനത്തെ ഏകദേശ പോളിങ്. പ്രിസൈഡിങ് ഓഫീസർമാരുടെ കണക്ക് പ്രകാരം ഇത് 78.27 ശതമാനമാണ്.

പോസ്റ്റൽ, സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഇവയുടെ അന്തിമ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് അന്തിമ പട്ടിക കൈമാറിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് കണക്കുകൾ വൈകുന്നു എന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതികൾക്കിടയിലാണ് രത്തൻ ഖേൽക്കർ വിശദീകരണവുമായി എത്തിയത്.

നടപടിക്രമങ്ങളിൽ സ്വാഭാവികമായ സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്നും കണക്കുകൾ കൃത്യസമയത്ത് എല്ലാവർക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ബൂത്തുകളിലും ഫോം 17C നൽകാൻ നിർദ്ദേശിച്ചിരുന്നതായും, ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ലഭിച്ചാൽ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കണക്കുകൾ വൈകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കമ്മീഷന് കത്തയച്ചിരുന്നു.മുതിർന്ന പൗരന്മാർ (96.3%), ഭിന്നശേഷിക്കാർ (60,734 പേർ), അവശ്യവിഭാഗങ്ങൾ (32,172 പേർ) എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ പോളിങ് കണക്കുകളും കമ്മീഷൻ പുറത്തുവിട്ടു.

ഉദ്യോഗസ്ഥരിൽ 1,35,068 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഹോം വോട്ടുകൾ 96.7% ആയി. അർഹരായ എല്ലാവർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയെന്നും, പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ നിയമപരമായി നീങ്ങണമെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *