വിവാദങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായെങ്കിലും, സിപിഎം നേതാവ് പി.പി ദിവ്യയെപ്പറ്റി ഒന്നും വിട്ടുപറയാതെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍. പൊലീസ് ഒത്താശയോടെയാണ് ദിവ്യ ഇത്രയും നാള് ഒളിവില്‍ കഴിഞ്ഞതെന്ന ആക്ഷേപം ശക്തമായിരിക്കേയാണ് കമ്മിഷണര്‍ പല പ്രധാന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത്.
വ്യക്തതയില്ലാത്ത മറുപടികളാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.എവിടെ നിന്ന് ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്ന ചോദ്യം പലകുറി ആവര്‍ത്തിച്ചിട്ടും അദ്ദേഹം ഉത്തരം നല്‍കിയില്ല. അതിവ പ്രാധാന്യമുള്ള കേസാണെന്നും ഇപ്പോള്‍ അത് വെളിപ്പടുത്തിയാല്‍ മാധ്യമങ്ങള്‍ അതിന്റെ പിന്നാലെ പോകുമെന്നും, അത് ഒഴിവാക്കാനാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്താത്തതെന്നും അദ്ദേഹം ന്യായീകരിക്കുന്നു.
കമ്മിഷണര്‍ ഓഫീസിലേക്ക് അധികം വൈകാതെ ദിവ്യയെ കൊണ്ടുവരും. എവിടെ നിന്നാണ് കൊണ്ട് വരുന്നതെന്ന കാര്യം സസ്പെന്‍സായി തന്നെ നില്‍ക്കുകയാണ്. കോടതി ജഡ്ജ്മെന്റ് കൃത്യമായി വായിക്കണം. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കൃത്യമായ റിപ്പോര്‍ട്ട് മൂലമാണ് ദിവ്യയ്ക്ക് ജാമ്യം കിട്ടാത്തത്.
ഈ ഒരൊറ്റ വാദം കൊണ്ടാണ് പൊലീസിനെതാരായ ആക്ഷേപങ്ങളെ കമ്മിഷണര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ദിവ്യ കസ്റ്റഡിയിലാണെന്നും, ഇവരെ ചോദ്യം ചെയ്യുമെന്നും മാത്രമാണ് പൊലീസ് വ്യക്തമാക്കുന്നത്.
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയ കേസിലാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദിവ്യയ്ക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യംനിഷേധിച്ചതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്.
കണ്ണപുരത്ത് വച്ച് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായതെന്നാണ് ലഭ്യമാകുന്ന വിവരം. കണ്ണൂര്‍ ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതിയില്‍ പി.പി. ദിവ്യയെ ഹാജരാക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പൊലീസ് ആരംഭിച്ചതും കസ്റ്റഡിയിലെടുത്തതും.