ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാന്‍ പുതിയ നീക്കവുമായി റഷ്യ. 2025ഓടെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റിയുടെ ചെയര്‍മാന്‍ എവ്‌ജെനി കോസ്ലോവ് ആണ് ഇക്കാര്യം അറിയിച്ചത്.

വീസ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉഭയകക്ഷി കരാറിനെക്കുറിച്ച് റഷ്യയും ഇന്ത്യയും ജൂണിൽ കൂടിയാലോചനകൾ നടത്തിയിരുന്നു.നിലവിൽ, ചൈനയിൽ നിന്നും ഇറാനിൽ നിന്നുമുള്ള യാത്രക്കാർക്ക് വീസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാൻ വീസ ഫ്രീ ടൂറിസ്റ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്.

വീസ രഹിത ടൂറിസ്റ്റ് പദ്ധതിയുടെ വിജയം ഇന്ത്യയിലും ആവർത്തിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നിലവില്‍ റഷ്യ സന്ദര്‍ശിക്കാന്‍ ഇ-വിസയ്ക്ക് അപേക്ഷിക്കാം, നടപടിക്രമത്തിന് സാധാരണയായി നാല് ദിവസമെടുക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന റഷ്യയുടെ പ്രധാന ഹൈലൈറ്റുകള്‍ വിനോദം, ബിസിനസ് എന്നിവയാണ്.

ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ, സമ്പന്നമായ ചരിത്രവും സംസ്കാരവുംപ്രകൃതിഭംഗിയും ഒത്തുചേര്‍ന്ന ഒരിടമാണ്. റെഡ് സ്ക്വയർ, ക്രെംലിൻ, വർണാഭമായ സെന്റ് ബേസിൽ കത്തീഡ്രൽ തുടങ്ങിയ കാഴ്ചകളുള്ള തലസ്ഥാന നഗരമായ മോസ്കോ, ലക്ഷക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്നു.

സൈബീരിയയുടെ അതിവിശാലമായ സൗന്ദര്യവും അനുഭവിച്ചറിയേണ്ടതാണ്. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ ബൈക്കൽ തടാകം, ശീതകാലത്ത് വെളുത്ത കനമാര്‍ന്ന മഞ്ഞുപാളികൾ നിറയുന്ന കാഴ്ചയ്ക്ക് പേരുകേട്ടതാണ്.

ഹെർമിറ്റേജ് മ്യൂസിയത്തിനും സമൃദ്ധമായ വിന്റർ പാലസിനും പേരുകേട്ട സെന്റ് പീറ്റേഴ്‌സ്ബർഗ് റഷ്യയുടെ സാമ്രാജ്യത്വ ഭൂതകാലത്തിന്‍റെ സ്മരണകളുമായി നിലകൊള്ളുന്നു.

മോസ്കോയ്ക്കടുത്തുള്ള പുരാതന നഗരങ്ങള്‍ നിറഞ്ഞ ഗോൾഡൻ റിങ് പരമ്പരാഗത റഷ്യൻ വാസ്തുവിദ്യയെയും സംസ്കാരത്തെയും കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. മേയ് മാസത്തില്‍ വസന്തത്തിന്റെ അവസാനമോ, സെപ്റ്റംബര്‍ മാസത്തിലെ ശരത്കാലത്തിന്റെ തുടക്കമോ ആണ് റഷ്യ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

Leave a Reply

Your email address will not be published. Required fields are marked *