മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ രവീന്ദ്ര ജഡേജയ്ക്ക് സാധിച്ചിരുന്നു. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 14-ാം തവണയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും അദ്ദേഹത്തിന് ഒരു നിരാശയുണ്ട്. ആദ്യ ദിവസത്തെ കളിക്ക് ശേഷം ജഡേജ ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരോട് പങ്കുവെക്കുകയും ചെയ്തു.
പരമ്പര കൈവിട്ടതാണ് ജഡ്ഡുവിനെ വിഷമത്തിലാക്കിയത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”വ്യക്തിപരമായി എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നിടത്തോളം കാലം, സ്വന്തം തട്ടകത്തില്‍ ഒരു പരമ്പര പോലും നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഇതും സംഭവിച്ചു. പരമ്പര നേടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് 12 വര്‍ഷത്തിന് ശേഷം ഇന്ത്യ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ തോല്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
എന്നാല്‍, ഒരു ടീമെന്ന നിലയില്‍ ഇത് ഒരു പാഠമാണ്. ഇതില്‍ നിന്ന് പോസിറ്റീവുകള്‍ എടുത്ത് അടുത്ത പരമ്പരകളിലൂടെ മുന്നോട്ട് പോകണം. ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നില്ല.” ജഡേജ വ്യക്തമാക്കി.
2012ല്‍ ഇംഗ്ലണ്ടിനെതിരെ നാഗ്പൂരിലാണ് ജഡേജ ഇന്ത്യക്ക് വേണ്ടി ആദ്യ ടെസ്റ്റ് കളിക്കുന്നത്. അന്നത്തെ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഇന്ത്യക്ക് പരമ്പര നഷ്ടമായി. പിന്നീട് ഇപ്പോഴാണ് ഇന്ത്യക്കൊരു ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. ജഡേജയുടെ ബൗളിംഗ് കരുത്തില്‍ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിംഗ്സില്‍ 235ന് പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം തന്നെ കുത്തിത്തിരിഞ്ഞ പിച്ചില്‍ കിവീസ് ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവരാണ് ന്യൂസിലന്‍ഡിനെ സാമാന്യം ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുമ്രക്ക് പകരം പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
അതേസമയം, പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. പൂനെയിലെ വിജയശില്പിയായ മിച്ചല്‍ സാന്റ്നര്‍ പരിക്കുമൂലം വിട്ടു നിന്നപ്പോള്‍ ഇഷ് സോധി ടീമിലെത്തി. ടിം സൗത്തിക്ക് പകരം ആദ്യ ടെസ്റ്റിലെ ഹീറോ മാറ്റ് ഹെന്റിയും കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.