സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. രാത്രി വൈകിയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയില്‍ മഴക്കെടുതികള്‍ ഉണ്ടായി.
ആലപ്പുഴ ഹരിപ്പാട് ഇടിമിന്നലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചു.തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.
നവംബര്‍ അഞ്ചുവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. അതേസമയം രാവിലെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായി.ഹരിപ്പാട് ഇടിമിന്നലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചു.
ചെറുതന സ്വദേശി ശ്യാമളയാണ് മരിച്ചത്. പാടത്ത് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. തിരുവനന്തപുരം കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ വെള്ളം കയറി രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.ഗതാഗതം തടസ്സപ്പെട്ടു.
ടെക്‌നോ പാര്‍ക്കിന് സമീപത്തെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി. കഴക്കൂട്ടത്ത് ഒരു അങ്കണവാടിയിലും നാല് വീടുകളിലും വെള്ളം കയറി.വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പാറശ്ശാലയില്‍ വ്യാപക കൃഷി നാശമുണ്ടായി. 45 ലക്ഷം രൂപയുടെ ഏത്ത വാഴകള്‍ ഒടിഞ്ഞുവീണു.പേപ്പാറ അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട മണിയാര്‍ ഡാം ഷട്ടര്‍ ബാരേജ് തുറക്കാനായില്ല. ഡാമിന്റെ ഷട്ടറിലൂടെ വെള്ളം പുറത്തേക്ക് ഒഴുകി.ചിറ്റാര്‍ ഫാക്ടറി പടി പാലം കനത്ത മഴയില്‍ മുങ്ങി.കൊച്ചി നഗരത്തിലും കനത്ത മഴ. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് റോഡില്‍ മരം കടപുഴകി വീണു.ഫോര്‍ട്ട് കൊച്ചി- കുന്നുംപുറം റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.