ന്യൂഡല്‍ഹി: 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ). 2036-ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയുടെ താല്‍പ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി കേന്ദ്രം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് മുമ്പ് പല അവസരങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അന്ന് ഇന്ത്യ സന്നദ്ധത അറിയിച്ചതിനു പിന്നാലെ തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ അറിയിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ച് ഐഒഎ ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.ഇന്ത്യയടക്കം (അഹമ്മദാബാദ്) നിരവധി രാജ്യങ്ങള്‍ ഒളിമ്പിക്സ് വേദിയാകാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്.

മെക്‌സിക്കോ (മെക്‌സിക്കോ സിറ്റി), ഇന്‍ഡൊനീഷ്യ (നുസന്താര), തുര്‍ക്കി (ഇസ്താംബുള്‍), പോളണ്ട് (വാര്‍സോ, ക്രാക്കോ), ഈജിപ്ത്, ദക്ഷിണ കൊറിയ (സിയോള്‍-ഇഞ്ചിയോണ്‍) എന്നീ രാജ്യങ്ങളാണ് വേദിക്കായി രംഗത്തുള്ളത്.

2032 ഒളിമ്പിക്സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 2024 ഒളിമ്പിക്സിന് പാരീസും 2028-ല്‍ ലോസ് ആഞ്ജലിസും വേദിയാകും. 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലാണ് നടക്കുക.982 ഏഷ്യന്‍ ഗെയിംസ്, 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയാണ് ഇന്ത്യയില്‍ നടന്ന പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍.

ഒളിമ്പിക്‌സ് ആതിഥേയത്വത്തിന്റെ ഭാഗമായി ഗുജറാത്ത് സംസ്ഥാനസര്‍ക്കാര്‍ ആറായിരം കോടി രൂപ വകയിരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ‘ഗുജറാത്ത് ഒളിമ്പിക് പ്ലാനിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്’ എന്ന കമ്പനി രൂപവത്കരിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *