സ്കൂള്‍ ഗേറ്റില്‍ തൂങ്ങിയാടി കളിച്ച ആറുവയസ്സുകാരന് ദാരുണാന്ത്യം. പൊട്ടിപ്പൊളിഞ്ഞിരുന്ന ഗേറ്റ് തകര്‍ന്നു വീണാണ് ഒന്നാം ക്ലാസുകാരന് മരണപ്പെട്ടത്. അലകന്തി അജയ് ആണ് മരിച്ചത്. ഹൈദരാബാദിലെ ഹയാത്നഗറിലാണ് സംഭവം.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശുചികരണ തൊഴിലാളികളുടെ മകനാണ് അലകന്തിവണ്മെന്റ് സില്ലാ പരിഷത്ത് ഹൈസ്കൂളിലാണ് അതിദാരുണ സംഭവമുണ്ടായത്.
സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അലകന്തിയും കൂട്ടുകാരും സ്കൂള്‍ ഗേറ്റില്‍ തൂങ്ങിയാടി കളിച്ചത്. പൊടുന്നനെ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് തകര്‍ന്നുവീഴുകയായിരുന്നു.
മറ്റ് കുട്ടികള്‍ക്ക് പെട്ടെന്ന് മാറിപ്പോകാനായി. എന്നാല്‍ ആറുവയസ്സുകാരന് ഗേറ്റിനടിയില്‍ പെട്ടു. കുട്ടിയെ ഉടന്‍ തന്നെ സ്കൂള്‍ അധികൃതര്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ കുട്ടി മരണത്തിന് കീഴടങ്ങി.
ഗേറ്റ് സ്ഥാപിച്ചിട്ടു കുറച്ചു നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ എന്നാണ് വിവരം. എന്നാല്‍ വളരെ പെട്ടെന്ന് ഇത് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായി. ഇക്കാര്യം പലകുറി ശ്രദ്ധയില്‍പെടുത്തിയിട്ടും സ്കൂള്‍ അധികൃതര്‍ വേണ്ട നടപടികളോ സുരക്ഷാക്രമീകരണങ്ങളോ നടത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
‘സ്കൂളില്‍ ഗേറ്റ് സ്ഥാപിച്ചതില്‍ അഴിമതി നടന്നു. ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഗേറ്റ് നിര്‍മിച്ചത്. കുട്ടികള്‍ സ്കൂള്‍ വിട്ട് വരുമ്പോള്‍ ഗേറ്റില്‍ തൂങ്ങിയാടി കളിക്കുന്നത് പതിവാണ്. സ്കൂള്‍ അധികൃതര്‍ ശ്രദ്ധചെലുത്തിയിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇത്’ എന്നാണ് ഒരു പ്രദേശവാസി വ്യക്തമാക്കിയത്.