ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിലായി നടക്കാന്‍ പോവുകയാണ്. ജിദ്ദയില്‍ നടക്കുന്ന മെഗാലേലത്തില്‍ 1,574 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി പല സൂപ്പര്‍ താരങ്ങളും ഇത്തവണ മെഗാലേലത്തിലേക്ക് പങ്കെടുക്കുന്നുണ്ട്.
ഇംഗ്ലണ്ട് മുന്‍ പേസറും നിലവിലെ ഇംഗ്ലീഷ് ടീം ബൗളിങ് പരിശീലകനുമായ ജെയിംസ് ആന്‍ഡേഴ്‌സണാണ് ഇത്തവണത്തെ ലേലത്തിലെ സര്‍പ്രൈസുകളിലൊന്ന്.കഴിഞ്ഞ ജൂലൈയില്‍ ആന്‍ഡേഴ്‌സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
704 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ആന്‍ഡേഴ്‌സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇതുവരെ ഐപിഎല്‍ കളിക്കാതിരുന്നത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചതുകൊണ്ടാണ് ആന്‍ഡേഴ്‌സണ്‍ ഇപ്പോള്‍ ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആന്‍ഡേഴ്‌സണ്‍ ഒരിക്കല്‍ പോലും ഒരു ഗ്ലോബല്‍ ഫ്രാഞ്ചൈസി ടി20 ലീഗില്‍ മത്സരിച്ചിട്ടില്ല എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. 2014ലാണ് ആന്‍ഡേഴ്‌സണ്‍ ഒടുവില്‍ ട്വന്റി 20 ക്രിക്കറ്റ് കളിച്ചത്. കരിയറില്‍ ഇതുവരെ 44 ടി20 മത്സരങ്ങള്‍ മാത്രമാണ് ആന്‍ഡേഴ്‌സണ്‍ കളിച്ചിട്ടുള്ളത്. അതില്‍ ഇംഗ്ലണ്ടിന് വേണ്ടി 18 ടി20 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയിട്ടുള്ളത്.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത പതിപ്പിലും ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ് ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്‍ താരലേലത്തിനായി ഇംഗ്ലണ്ടില്‍ നിന്നുള്ള താരങ്ങളുടെ പട്ടികയില്‍ ബെന്‍ സ്റ്റോക്‌സ് പേര് നല്‍കിയിട്ടില്ല.
2022ല്‍ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായതാണ് ബെന്‍ സ്റ്റോക്‌സ്. 2023ലെഐപിഎല്ലില്‍ കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് സീസണിന്റെ പകുതിക്ക് വെച്ച് സ്റ്റോക്‌സിന് പിന്‍വാങ്ങേണ്ടി വന്നിരുന്നു.2024ലെ ഐപിഎല്ലില്‍ അമിത ജോലി ഭാരം കാരണം സ്റ്റോക്‌സ് കളിച്ചിരുന്നില്ല.
മെഗാലേലത്തില്‍ നിന്ന് പിന്മാറുമ്പോള്‍ അടുത്ത രണ്ട് സീസണുകളിലെ മിനി ലേലത്തിലും ബെന്‍ സ്റ്റോക്‌സിന് പങ്കെടുക്കാന്‍ കഴിയില്ല. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് നിരയിലും 33കാരനായ സ്റ്റോക്‌സ് ഉണ്ടായിരുന്നില്ല