ബഹിരാകാശ ദൗത്യങ്ങള്‍ പലത് ചെയ്തിട്ടുണ്ടെങ്കിലും സുനിതാ വില്യംസിന്റെ ഈ ദീര്‍ഘകാല ദൗത്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ത്ഥമെത്തിയ സുനിതാ വില്യംസിനും ബച്ച് വില്‍മോറിനും ഇത് അക്ഷരാര്‍ത്ഥത്തില്‍ പരീക്ഷണം തന്നെയായി മാറി.പേടകത്തിന്റെ സാങ്കേതിക തകരാര്‍ കാരണം ഷെഡ്യൂള്‍ പ്രകാരമൊന്നും തിരിച്ചുവരവ് നടന്നില്ല.

മാസങ്ങള്‍ പലത് പിന്നിട്ടുകഴിഞ്ഞു. ഇനി ഫെബ്രുവരിയില്‍ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാവും ഇരുവരെയും തിരിച്ചെത്തിക്കുകസുനിതയുടെ പുതിയ ദൃശ്യം കണ്ട് അമ്പരന്ന ലോകം അവരുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇരുവരും ഭക്ഷണം തയ്യാറാക്കുന്നതിന്റെ ദൃശ്യത്തില്‍ സുനിത വല്ലാതെ മെലിഞ്ഞ് കവിളുകളൊട്ടി ആകെ ക്ഷീണിതയായാണ് കാണപ്പെട്ടത്. വിഷയത്തില്‍ നാസ നല്‍കിയ വിശദീകരണങ്ങളൊന്നും അത്രമാത്രം സ്വീകാര്യമായിരുന്നില്ല.

മര്‍ദം ക്രമീകരിച്ച കാബിനിലാണെങ്കിലും ഇത്രയും ഉയരത്തില്‍ ദീര്‍ഘകാലം കഴിഞ്ഞാല്‍ പല ബുദ്ധിമുട്ടുകളും‍ നേരിടേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കവിളൊട്ടുന്നത് ശരീരഭാരം കുറയുന്നതിന്റ ലക്ഷണം തന്നെയാണ്. കുറെയേറെ കലോറി നഷ്ടപ്പെടുന്നുണ്ടാവുമെന്നും അതേസമയം ഭക്ഷണം വളരെ കുറച്ചായിരിക്കുമെന്നും വിദഗ്ധര്‍ പ്രതികരിച്ചു.

ജീവിക്കാനായി ശരീരം കൂടുതൽ ഊർജം ഉപയോഗിക്കുന്നതും ക്ഷീണത്തിനു ആധാരമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.എട്ടുദിവസത്തെ ബഹിരാകാശ താമസം ഒടുവില്‍ അഞ്ചുമാസം പിന്നിട്ടുകഴിഞ്ഞു.

59 വയസുകാരിയാണ് സുനിത വില്യംസ്. വില്‍മോറിനാവട്ടെ 61 വയസുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ധാന്യങ്ങള്‍ക്കൊപ്പം പൊടിച്ച പാൽ, പിസ്സ, ചെമ്മീൻ കോക്ക്ടെയിലുകൾ, റോസ്റ്റ് ചിക്കൻ, ട്യൂണ എന്നിവയാണ് ബ്രേക്ക് ഫാസ്റ്റായി ഉപയോഗിക്കുന്നത്. ഫ്രീസ് ചെയ്ത പഴങ്ങളും പച്ചക്കറികളും വളരെ ചെറിയ അളവിലാണുള്ളത്.

ഓരോ ബഹിരാകാശ സഞ്ചാരിയുടെയും ഭക്ഷണം ഫ്രീസ്-ഡ്രൈഡ് അല്ലെങ്കിൽ പാക്കേജ് ചെയ്തതാണ്, ഈ ഭക്ഷണം ഫുഡ് വാമർ ഉപയോഗിച്ച് വീണ്ടും ചൂടാക്കാം. മാംസവും മുട്ടയും ഭൂമിയിൽ പാകം ചെയ്തവയാണ്, ഇവ ബഹിരാകാശത്തുവച്ച് വീണ്ടും ചൂടാക്കും. നിർജ്ജലീകരണം ചെയ്ത സൂപ്പുകൾ, പായസം, കാസറോളുകൾ എന്നിവയ്ക്ക് ബഹിരാകാശ നിലയത്തിലെ 530-ഗാലൻ ശുദ്ധജല ടാങ്കിൽ നിന്നുള്ള വെള്ളം ആവശ്യമാണ്.

വില്യംസും വിൽമോറും സ്വന്തമായി ഭക്ഷണം തയ്യാറാക്കി ലോഹ പാത്രങ്ങളുള്ള കാന്തിക ട്രേകളിലാണ് കഴിക്കുന്നത്.ബഹിരാകാശത്തുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ആരോഗ്യസംഘം കൃത്യമായി ഇരുവരുടെയും ആരോഗ്യാവസ്ഥ മോണിട്ടര്‍ ചെയ്യുന്നുണ്ട്. ആവശ്യത്തിലധികം ഭക്ഷണം യാത്രികര്‍ക്കുണ്ടെന്നും അതിന്റെ അഭാവമല്ല ശരീരം മെലിയുന്നതിനു കാരണമെന്നും സംഘം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *