മലാഗ: സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ടെന്നീസില്‍നിന്ന് വിരമിച്ചു. കരിയറിലെ അവസാന ടൂര്‍ണമെന്റായ ഡേവിസ് കപ്പിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് പടിയിറക്കം. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന്റെ ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷല്‍പ്പിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
മലാഗയില്‍ നടന്ന മത്സരത്തിന് മുന്നോടിയായി സ്പാനിഷ് ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ നദാലിനെ വികാരാധീനനായി കാണപ്പെട്ടു.
റാഫ, റാഫ വിളികളോടെ പതിനായിരത്തോളം ആരാധകരാണ് അവസാനമത്സരം കാണാനായെത്തിയത്. ഡേവിസ് കപ്പിനുശേഷം വിരമിക്കാനുള്ള തീരുമാനം നേരത്തേതന്നെ കൈക്കൊണ്ടതായിരുന്നു. 22 ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ 92 കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഈ മുപ്പത്തെട്ടുകാരന്‍.
22 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമാവുന്നത്.അതേസമയം കരിയറിലെ അവസാന മത്സരത്തിനുമുന്നോടിയായി പ്രിയസുഹൃത്ത് റാഫേല്‍ നദാലിന്, റോജര്‍ ഫെഡറര്‍ ആശംസകള്‍ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന ഡേവിസ് കപ്പ് മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുകയാണെന്ന് നദാല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
15 വര്‍ഷത്തിനിടെ 40 ഗ്രാന്‍സ്ലാം മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. കളിക്കളത്തില്‍ കനത്തപോരാട്ടം നടത്തിയെങ്കിലും ഇരുവരും പരസ്പരം സ്‌നേഹബഹുമാനങ്ങള്‍ സൂക്ഷിച്ചിരുന്നു. ഫെഡറര്‍ നേരത്തേ അന്താരാഷ്ട്ര ടെന്നീസില്‍നിന്ന് വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫെഡറര്‍ സാമൂഹികമാധ്യമത്തിലൂടെ നദാലിന് തുറന്ന കത്തെഴുതിയത്.
