മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയിൽ ആരംഭിച്ചത്. മോഹൻലാലായിരുന്നു ഭദ്രദീപം കൊളുത്തിയത്. ഇപ്പോഴിതാ ചിത്രത്തിൽ ജോയിൻ ചെയ്യാനായി ശ്രീലങ്കയിൽ എത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിലും.
മമ്മൂട്ടി ശ്രീലങ്കയിലേക്ക് സിനിമയുടെ ചിത്രീകരണത്തിനായി പുറപ്പെട്ടതും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രവുമെല്ലാം ഇപ്പോൾ തന്നെ ആരാധകർക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യത നേടിയിട്ടുണ്ട്.
ഫഹദ് ഫാസിൽ കൂടെ എത്തിയതോടെ ആരാധകരുടെ ചിത്രത്തിന്മേലുള്ള പ്രതീക്ഷ വാനോളമാണ്.ഏഴ് ദിവസത്തെ ഷെഡ്യൂളാണ് ശ്രീലങ്കയിൽ നടക്കുന്നത്. ശ്രീലങ്കയ്ക്ക് ശേഷം ഷാർജയിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.
കേരളത്തിലും ഡൽഹിയിലും ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദനായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമാകും ഇത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്.
ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് നിർവഹിക്കുന്നത് രഞ്ജിത്ത് അമ്പാടിയാണ്.
