ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ദുൽഖർ നായകനായി ഇറങ്ങിയ ലക്കി ഭാസ്കർ ആഗോളതലത്തിൽ 150 കോടിയും കടന്ന് മുന്നേറുകയാണ്. തെലുങ്കിൽ സൂപ്പർ സ്റ്റാർ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ദുൽഖർ. എന്നാണ് ഇനി മലയാളത്തിലേക്ക് നടന്റെ തിരിച്ചു വരവ് എന്നാണ് ആരാധകരുടെ ചോദ്യം.
കഴിഞ്ഞ വര്‍ഷം കേരള ബോക്സോഫീസിലെ വന്‍ വിജയമായ ആര്‍ഡിഎക്സ് ചിത്രത്തിന്റെ സംവിധായകന് നഹാസ് ഹിദായത്തുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ദുൽഖർ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.
അടുത്ത് തന്നെ ചിത്രം ഉണ്ടാകുമെന്നും അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. മൂവി മാനോടായിരുന്നു സംവിധായകന്റെ പ്രതികരണം.
2023 ൽ പുറത്തിറങ്ങിയ ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു. ഇതിനിടയിൽ നാഗ് അശ്വിൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898’ എഡിയിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തിയിരുന്നു.