നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവായി. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് തങ്ങളുടെ വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്.

വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ മകളാണ് െഎശ്വര്യ രജനീകാന്ത്. സംവിധായികയെന്ന നിലയിൽ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സംരംഭമായിരുന്നു. ധനുഷായിരുന്നു നായകൻ. ധനുഷ്താരമെന്നതിനൊപ്പം നല്ല നടൻ എന്ന നിലയിലേക്കും ഇതിനോടകം ഉയർന്നിരുന്നു.

രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും തിളങ്ങി നിൽക്കുകയാണ് ധനുഷ്. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.ആരാധകർക്കിടയിൽ ഇവരുടെ വിവാഹമോചന വാർത്ത സൃഷ്ടിച്ച ഞെട്ടൽ ചെറുതായിരുന്നില്ല.‘‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒരുമിച്ചു കഴിഞ്ഞു. വളരാനും, മനസ്സിലാക്കാനും, പൊരുത്തപ്പെടാനും ശ്രമിച്ച യാത്രയായിരുന്നു.

ഇന്ന് വഴികള്‍ വേര്‍പിരിയുന്ന ഇടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികളെന്ന നിലയിൽ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാനും തീരുമാനിച്ചു’’. എന്നാണ് വേർപിരിയൽ വാർത്ത പങ്കുവച്ച് ധനുഷ് അന്ന് എക്സില്‍ കുറിച്ചത്.ഐശ്വര്യയും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കാനുള്ള ഒരുക്കത്തിലാണ്.

രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ‘ലാൽ സലാം’ ആണ് ഐശ്വര്യ സംവിധാനം ചെയ്ത അവസാന സിനിമ.

Leave a Reply

Your email address will not be published. Required fields are marked *