ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി കൂടി രാജ്യാന്തര ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടിത്തിളങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 ലോകകപ്പിന്റെ ആഫ്രിക്കന്‍ ക്വാളിഫയര്‍ മത്സരത്തില്‍ മലയാളിയായ വിനു ബാലകൃഷ്ണനാണ് ഇപ്പോള്‍ വീണ്ടുമൊരു സെഞ്ച്വറി അടിച്ചെടുത്തത്.
ബോട്സ്വാനയുടെ താരമായ വിനു എസ്വാറ്റിനിക്കെതിരായ മത്സരത്തിലാണ് വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ച വെച്ചത്.66 പന്തില്‍ രണ്ട് സിക്സും 12 ബൗണ്ടറിയും സഹിതം 102 റണ്‍സാണ് തൃശൂര്‍ സ്വദേശിയായ വിനുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
സെഞ്ച്വറി നേടിയതിന് പിന്നാലെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. മത്സരത്തില്‍ വിനുവിന്റെ സെഞ്ച്വറിക്കരുത്തില്‍ ബോട്സ്വാന 48 റണ്‍സിന് വിജയിച്ചുവിനുവിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവില്‍ ആദ്യം ബാറ്റുചെയ്ത ബോട്സ്വാന 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ 18. 4 ഓവറില്‍ 127 റണ്‍സിന് എസ്വാറ്റിനി ഓള്‍ഔട്ടായി. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തും വിനു ബാലകൃഷ്ണനെയാണ്.