കോട്ടയ്ക്കല്‍: 28 പേരുടെ പെന്‍ഷന്‍ റദ്ദാക്കിയെന്നും എന്തെങ്കിലും ക്രമക്കേട് നടത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ ഹനീഷ.
കോട്ടയ്ക്കല്‍ നഗരസഭയില്‍ ഒട്ടേറെ പെന്‍ഷന്‍ ഗുണഭോക്താക്കളുണ്ട്. കോട്ടയ്ക്കല്‍ നഗരസഭയ്ക്ക് കീഴില്‍ വരുന്ന എട്ടാം വാര്‍ഡില്‍ മാത്രം 38 പേരാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് കൊടുക്കുന്നതെന്നും 2023-ന് ശേഷം ഇത് വിലയിരുത്താനായി വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
എന്തുകൊണ്ട് ഈ പാളിച്ച വന്നുവെന്ന് കൃത്യമായി പരിശോധിക്കും. ചിലപ്പോള്‍ പെന്‍ഷന്‍ അപേക്ഷിക്കുന്ന സമയത്ത് വീട് വളരെ ചെറുതായിരിക്കാം പിന്നീട് വലുതാക്കിയതാവാം.
എന്തെങ്കിലും രീതിയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പെന്‍ഷന്‍ തിരിച്ചുവാങ്ങുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് ജനങ്ങളോട് പറയാനുള്ളത്. – ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. 2022-ല്‍ 28 പേരുടെ പെന്‍ഷന്‍ റദ്ദാക്കിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.”പെന്‍ഷന്‍ അനുവദിക്കുന്നതിന് മുന്‍പ് നിര്‍ദിഷ്ഠ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പെന്‍ഷന്‍ അനുവദിക്കുന്നതെന്നും ഉദ്യോഗസ്ഥ തലത്തില്‍ വന്ന പിഴവാണിതെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു.