ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്രകാര്യാലയങ്ങള്‍ക്ക് മതിയായ സുരക്ഷ അനുവദിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമീഷനിലേക്ക് നടന്ന പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്നാണ് നയതന്ത്രകാര്യാലയങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്ബംഗ്ലാദേശില് ഹിന്ദു സന്ന്യാസിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ ബംഗിയ ഹിന്ദു ജാഗരണ്‍ മഞ്ച് നടത്തിയ റാലിയാണ് അക്രമാസക്തമായത്.
പ്രതിഷേധത്തിനിടെ ബംഗ്ലാദേശ് പതാക കത്തിക്കുകയും ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ഒരു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ യാതൊരു അക്രമങ്ങളും നടക്കുന്നില്ലെന്നും ഹിന്ദുക്കള്‍ പൂര്‍ണമായി സുരക്ഷിതരാണെന്നും ബംഗ്ലാദേശിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ പ്രസ് സെക്രട്ടറി ഷാഫികുല്‍ ഇസ്ലാം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇസ്കോണ്‍ മേധാവിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ ഇസ്കോണിന് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്നും ഷാഫികുല്‍ ഇസ്ലാം കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇസ്കോണ്‍ നേതാവും ഹിന്ദു സന്ന്യാസിയുമായ ചിന്മയ് കൃഷ്ണദാസിനെ ധാക്കയില്‍ അറസ്റ്റ് ചെയ്തത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്.