ആറാം തമ്പുരാന്‍ സിനിമയുടെ സെറ്റില്‍വെച്ച് സംവിധായകന്‍ രഞ്ജിത്ത്, നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ തല്ലിയെന്ന നിര്‍മാതാവും നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള അഷ്‌റഫിന്റെ വെളിപ്പെടുത്തലിനു പിന്നാലെ അദ്ദേഹത്തിനെതിരേ സംവിധായകന്‍ എം. പദ്മകുമാര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അന്ന് രഞ്ജിത്ത്, ഒടുവിനെ തല്ലാനുണ്ടായ കാരണവും അന്നത്തെ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷ്‌റഫിന്റെ വാക്കുകള്‍.അന്തരിച്ച നടന്‍ ഇന്നസെന്റടക്കം പലരും നേരത്തേ പേരെടുത്തു പറയാതെ തന്നെ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു.

”സെറ്റില്‍വെച്ച് വൃദ്ധനും രോഗിയുമായ ഒരു മനുഷ്യനെ ഒരു സംവിധായകന്‍ അടിച്ച് നിലത്തിട്ടു എന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. നേരേ കമിഴ്ന്ന് വീണെന്നാണ് ഇന്നസെന്റ് പറഞ്ഞിട്ടുള്ളത്. അന്ന് ആളുകളെല്ലാം കരുതിയത് അത് തിലകനെയാണെന്നാണ്.

ഒരാളുടെയും ചിന്തയില്‍ പോലും ഒടുവിലിന്റെ പേര് വന്നില്ല. സിനിമ മേഖലയുമായി ബന്ധപ്പെട്ട പലര്‍ക്കും അറിയുന്ന കാര്യമാണിത്. ഈ വെളിപ്പെടുത്തലിനു ശേഷം സിനിമാ മേഖലയില്‍ നിന്ന് പലരും വിളിച്ച് തങ്ങള്‍ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.

ആറാം തമ്പുരാന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്ന പലരും ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞായിരുന്നു ഫോണ്‍വിളികളില്‍ പലതും.” – അഷ്‌റഫ് വ്യക്തമാക്കി. സിനിമ മേഖലയില്‍ പലര്‍ക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണിതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ സംഭവം നടക്കുന്നതു വരെ രഞ്ജിത്തുമായി സംസാരിക്കുന്നയാളും നല്ല പരിചയമുള്ളയാളുമായിരുന്ന താന്‍ എന്നാല്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ തല്ലിയ ശേഷം പിന്നീട് ഇതുവരെ ഒരിക്കല്‍ പോലും രഞ്ജിത്തുമായി സംസാരിച്ചിട്ടില്ലെന്നും നേരില്‍ കണ്ടാല്‍ പോലും വഴിമാറി നടക്കുകയാണ് ചെയ്യാറുള്ളതെന്നും അഷ്‌റഫ് പറഞ്ഞു.

ചര്‍ച്ചയില്‍ അടൂര്‍ ഗോപാലകൃഷ്ണനു വേണ്ടി ഒടുവില്‍ ഉണ്ണികൃഷ്ണൻ വാദിച്ചത് ഇഷ്ടപ്പെടാതിരുന്നതിരുന്നതിനാണ് രഞ്ജിത്ത് അദ്ദേഹത്തെ അടിച്ചതെന്ന് അഷ്‌റഫ് പറഞ്ഞു. ”തല്ലാനുണ്ടായ കാരണമായി ഞാന്‍ വീഡിയോയില്‍ പറഞ്ഞത് ഒടുവില്‍ പറഞ്ഞ എന്തോ ഒരു തമാശ രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ല എന്നതാണ്.

ആ കാരണം അന്ന് വിശദീകരിക്കേണ്ട കാര്യമില്ല എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. അവാര്‍ഡ് സിനിമകളെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് രഞ്ജിത്തും ഒടുവിലും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമായത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വലിയആരാധകനാണ്.

അടൂരിന്റെ സിനിമകളോട് വലിയ സ്‌നേഹവും ആരാധാനയും ഉള്ളയാള്‍. ഈ ചര്‍ച്ച അവര്‍ തമ്മില്‍ നടക്കുമ്പോള്‍ ഞാന്‍ അവിടെയില്ല, പിന്നീട് കേട്ടറിഞ്ഞതാണ് ഇക്കാര്യങ്ങള്‍.

രഞ്ജിത്ത് അന്ന് അവാര്‍ഡ് പ്രതീക്ഷിച്ചുനില്‍ക്കുന്ന ഒരാളാണ്. ഇത്തരത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഒടുവില്‍ അടൂര്‍ ഗോപാലകൃഷ്ണനു വേണ്ടി വാദിച്ചതും അവാര്‍ഡ് ലഭിക്കേണ്ടത് അദ്ദേഹത്തിനാണെന്ന നിലപാടില്‍ ഉറച്ചുനിന്നതുമാണ് അടിയില്‍ കലാശിച്ചത്.”

Leave a Reply

Your email address will not be published. Required fields are marked *