ഡിസംബർ ആറിന് ഇന്ത്യയ്ക്കെതിരെ അഡ്ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പായി മാധ്യമങ്ങളോട് സംസാരിച്ച് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരി. 2020ലെ അഡ്ലെയ്ഡ് ടെസ്റ്റിന് സമാനമായി ഇത്തവണയും ഇന്ത്യ 36ന് ഓൾ ഔട്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ക്യാരി പറഞ്ഞു. അത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ചൊരു ദിവസമായിരുന്നു. എന്നാൽ ഇത്തവണ അത് ആവർത്തിക്കുമെന്ന് ഓസ്ട്രേലിയ കരുതുന്നില്ല.
ഇന്ത്യയ്ക്കെതിരെ വ്യക്തമായ പദ്ധതികളുണ്ട്. അത് നടപ്പിലാക്കാൻ ശ്രമിക്കും. അപ്പോൾ സംഭവിക്കുന്നത് എന്താണോ അത് സംഭവിക്കും. പിങ്ക് ബോൾ ടെസ്റ്റിലെ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ റെക്കോർഡുകളിൽ ആത്മവിശ്വാസമുണ്ട്. പെർത്ത് ടെസ്റ്റിലെ പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ ഓസ്ട്രേലിയയ്ക്ക്സാധിക്കുമെന്ന് അലക്സ് ക്യാരി പ്രതീക്ഷ പ്രകടിപ്പിച്ചു.
2020ൽ ഓസ്ട്രേലിയയ്ക്കെതിരെ അഡ്ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മുൻതൂക്കം ഉണ്ടായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 244 റൺസ് നേടി. 74 റൺസെടുത്ത വിരാട് കോഹ്‍ലി, 43 റൺസെടുത്ത ചേതേശ്വർ പൂജാര, 42 റൺസെടുത്ത അജിൻക്യ രഹാനെ എന്നിവരാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 191 റൺസിന് പുറത്താക്കാനും 53 റൺസ് ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ രണ്ടാം ഇന്നിംഗ്സിലാണ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയേറ്റത്. വെറും 36 റൺസിൽ ഇന്ത്യൻ ബാറ്റർമാർ ഓൾ ഔട്ടായി.
ഒരൊറ്റ താരം പോലും രണ്ടക്കം കടന്നില്ലരണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് മുമ്പിൽ 90 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നോട്ടുവെയ്ക്കാനായത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തുകയും ചെയ്തു. പിന്നാലെ പരമ്പര വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറെന്ന നാണക്കേട് ഇന്ത്യയ്ക്കൊപ്പം ഉണ്ടായിരുന്നു